ടേക്ക് ഓഫുമായി ഫഹദും ചാക്കോച്ചനും പാര്‍വ്വതിയും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ചിത്രത്തിന്റെ പോസ്റ്റര്‍

ഇറാഖിലെ നഴ്‌സുമാരുടെ ദുരിതജീവിതത്തിന്റെ കഥ പറഞ്ഞെത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം ടേക്ക് ഓഫിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വ്വതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. എറണാകുളത്ത് നടന്ന ചടങ്ങില്‍ നടന്‍ നിവിന്‍ പോളിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ദീര്‍ഘകാലം എഡിറ്ററായിരുന്ന മഹേഷ് നാരായണന്‍ ആദ്യമായി തിരക്കഥയെഴുതിയ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഇറാഖിലെ തിക്രിതില്‍ 2014-ല്‍ വിമതരുടെ പിടിയില്‍ അകപ്പെട്ട് ആശുപത്രിയില്‍ കുടുങ്ങിക്കിടന്ന നഴ്‌സുമാരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. പാര്‍വ്വതിയും കുഞ്ചാക്കോ ബോബനും നഴ്‌സുമാരുടെ വേഷത്തിലാണെത്തുന്നത്. ഇന്ത്യന്‍ അംബാസിഡറുടെ വേഷത്തിലാണ് ഫഹദ് എത്തുക. അലന്‍സിയര്‍, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തിലുണ്ട്. കൊച്ചിയിലും കാസര്‍ഗോട്ടും ദുബായിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചത്.

ഇറാഖ് സൈന്യവും ഐഎസ് ഭീകരരും തമ്മിലുള്ള പോരാട്ടത്തില്‍ നിരവധി മലയാളി നഴ്‌സുമാര്‍ ജോലി നഷ്ടപെട്ട് നാട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങിയിരുന്നു. എന്നാല്‍ അവരെ അവിടെ നിന്നും നാട്ടിലെത്തിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യവുമായിരുന്നു. ഈ ഘട്ടത്തിലാണ് ഇന്ത്യന്‍ എംബസിയും ഉദ്യോഗസ്ഥരും സഹായവുമായി അവര്‍ക്കരികിലേയ്ക്ക് എത്തുന്നത്.

മഹേഷ് നാരായണനും പിവി ഷാജികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ രാജേഷ് പിള്ളയുടെ പേരിലുള്ള രാജേഷ് പിള്ള ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മേഘാ രാജേഷ് പിള്ളയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

വിശ്വരൂപത്തിന്റെ ക്യാമറ നിര്‍വ്വഹിച്ച സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രാഹണം. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപീസുന്ദറാണ് പശ്ചാത്തലസംഗീതം.

DONT MISS
Top