രഞ്ജി ട്രോഫി: കേരളത്തിനെതിരെ സര്‍വീസസിന് ഭേദപ്പെട്ട തുടക്കം, ആതിഫിന് മൂന്ന് വിക്കറ്റ്

പ്രതീകാത്മക ചിത്രം

ദില്ലി: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആദ്യ ദിനം സര്‍വീസസ് ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനം മത്സരം അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയിലാണ് സര്‍വീസസ്. 52 റണ്‍സോടെ അന്‍ഷുല്‍ ഗുപ്തയും 23 റണ്‍സോടെ ഷാംഷെര്‍ യാദവുമാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച സര്‍വീസസ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 43 റണ്‍സെടുക്കുമ്പൊഴേക്ക് 4 മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ പവലിയനില്‍ തിരിച്ചെത്തി. അര്‍ധ സെഞ്ച്വറി നേടിയ അന്‍ഷുല്‍ ഗുപ്ത മാത്രമാണ് അല്‍പമെങ്കിലും ചെറുത്തു നിന്നത്.

കേരളത്തിന്റെ കൃത്യതയാര്‍ന്ന ബൗളിംഗാണ് എതിരാളികളെ പിടിച്ച് കെട്ടിയത്. 3 വിക്കറ്റ് വീഴ്ത്തിയ ആതിഫ് ബിന്‍ അശ്രഫ്  സര്‍വീസസിന്റെ നട്ടെല്ലൊടിച്ചു. ബേസില്‍ തമ്പി ഒരു വിക്കറ്റ് നേടി.

പോയിന്റ് നിലയില്‍ ഏറ്റവും താഴെ നില്‍ക്കുന്ന സര്‍വീസസിനെതിരെ മികച്ച വിജയം നേടിയാല്‍ കേരളത്തിന് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശന സാധ്യതയുണ്ട്. ഗ്രൂപ്പ് സിയില്‍ പോയിന്റ് പട്ടികയില്‍ 22 പോയിന്റോടെ നാലാംസ്ഥാനത്താണ് കേരളം. എട്ടുമല്‍സരങ്ങളില്‍ ഒരു വിജയവും ഒരു തോല്‍വിയും ആറ് സമനിലയുമടക്കമാണ് കേരളം 22 പോയിന്റ് നേടിയത്. 25 പോയിന്റ് നേടിയ ആന്ധ്രപ്രദേശാണ് പട്ടികയില്‍ ഒന്നാമത്. 23 പോയിന്റോടെ ഹൈദരാബാദും, 22 പോയിന്റോടെ ഹരിയാനയുമാണ് കേരളത്തിന് മുന്നിലുള്ളത്.

DONT MISS
Top