ഐഎസ് ലോക ഭീകരവാദ ഭൂപടത്തില്‍ ഇനി സിറിയക്കും ഇറാഖിനുമൊപ്പം കേരളത്തിനും സ്ഥാനം; ഗാര്‍ഡിയന്‍ പത്രത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിവിറച്ച് ലോകജനത

ലണ്ടന്‍: ദൈവത്തിന്റെ സ്വന്തം നാടെന്ന് നമ്മള്‍ തന്നെ വിളിക്കുന്ന കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് ഒഴുക്കുണ്ടായെന്ന വാര്‍ത്തയും പിന്നീട് ദേശീയ അന്വേഷണം ആരംഭിച്ചെന്നും കേട്ട നമ്മുടെ അമ്പരപ്പ് മാറിയിട്ടില്ല. പ്രബുദ്ധ മലയാളി വര്‍ഗത്തിലും മനുഷ്യത്വ രഹിതമായ കൊടും ക്രൂരതകളിലൂടെ ലോകത്തെ നടുക്കുന്ന തീവ്രവാദികളെ പിന്‍തുണക്കുന്നവരുണ്ടോ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകാം.

എന്നാല്‍ മലയാളി യുവാക്കളും ഇസ്ലാമിക്‌സ്‌റ്റേറ്റിനെ പിന്‍തുണക്കുകയും തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്ന വാര്‍ത്തയാണ് അന്താരാഷ്ട്രമാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇസ്ലാമിക്‌സ്‌റ്റേറ്റിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന വിവരം മാസങ്ങള്‍ക്ക് മുന്‍പ്തന്നെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭ്യമായിരുന്നു. തങ്ങളുടെ വേരുറപ്പിക്കാന്‍ ഇസ്ലാമിക്‌സ്‌റ്റേറ്റ് തിരഞ്ഞെടുത്ത പ്രദേശങ്ങളിലൊന്നാണ് കേരളം. കേരളത്തിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ തീവ്രവാദ സംഘടന ആസൂത്രിതനീക്കമാണ് നടത്തിയത്.

കഴിഞ്ഞ ജൂണില്‍ മതപഠനത്തിനും ശ്രീലങ്കയില്‍ ബിസിനസ് ആവശ്യത്തിനുമായി പോകുന്നുവെന്ന് പറഞ്ഞു കുടുംബത്തോടൊപ്പം വീടു വിട്ടുപോയവരുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാസര്‍കോട് ജില്ലയില്‍ നിന്ന് 16 പേരും പാലക്കാട് നിന്ന് ആറ് പേരുമാണ് ഇത്തരത്തില്‍ വീടു വിട്ടത്. കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നെന്ന ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും ഇവരുടെ ഫോണ്‍ സന്ദേശങ്ങളും മറ്റും പരിശോധിച്ച അന്വേഷണസംഘത്തിന് വ്യക്തമായ തെളിവുകളാണ് ലഭിച്ചതെന്നാണ് വിവരം.

കേന്ദ്ര സംസ്ഥാന രഹസ്യന്വേഷണ വിഭാഗവും കേന്ദ്ര ഭീകരവിരുദ്ധ വിഭാഗവും പടന്നയിലും തൃക്കരിപ്പൂരിലും എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മതപരമായി കൃത്യനിഷ്ഠത പുലര്‍ത്തുന്നവരാണ് നാട് വിട്ട എല്ലാവരും. മുന്‍കാലങ്ങളില്‍ ഒരു തരത്തിലുള്ള സ്വഭാവ ദൂഷ്യങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മതചിട്ട അനുസരിച്ചുള്ള ജീവിതം നയിക്കാന്‍ പോകാനിടയുണ്ടെന്നും ബന്ധുക്കള്‍ ഗാര്‍ഡിയനോട് പ്രതികരിച്ചു. ജൂണിലാണ് കാസര്‍കോട് സ്വദേശിയായ ഹഫീസുദ്ധീന്‍ ഹക്കീം ശ്രീലങ്കയിലേക്ക് മതപഠനത്തിനെന്ന് പറഞ്ഞ് പോയത്.

മറ്റ് ആണ്‍കുട്ടികളെ പോലെ എല്ലാ വിധത്തിലുള്ള സ്വഭാവങ്ങളും ഉണ്ടായിരുന്നയാളാണ് ഹഫീസുദ്ധീനെന്ന് ബന്ധുക്കള്‍ പറയുന്നു. മദ്യപാനവും പുകവലിയും മറ്റ് സ്വഭാവദൂഷ്യങ്ങളും അവനുണ്ടായിരുന്നു. കുറച്ച് കാലം ദുബായിലായിരുന്നു ജോലി. പിന്നീട് തിരിച്ച് നാട്ടിലെത്തിയ ശേഷം അവന്റെ കൂട്ടുകെട്ടു മാറി. സലഫി മുസ്ലിം പ്രത്യയശാസ്ത്രം പിന്‍പറ്റുന്ന പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു പിന്നീട് ജോലി ചെയ്തതെന്നും ഹഫീസുദ്ധീന്റെ അമ്മാവന്‍ പറഞ്ഞു.

എന്നാല്‍ ഹഫീസ് പീസ് സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുണ്ടെന്ന വാര്‍ത്ത പീസ് ഇന്റര്‍നാഷണല്‍ അധികൃതര്‍ നിഷേധിച്ചിരുന്നു. സ്ഥാപനത്തിലെ ജോലിക്ക് പിന്നാലെ ഹഫീസിന്റെ സ്വഭാവത്തിലും മാറ്റം പ്രത്യക്ഷപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. ഹഫീസ് താടി നീട്ടി വളര്‍ത്താന്‍ തുടങ്ങി. വീട്ടിലെ ടിവി കേബിള്‍ മുറിച്ചു കളഞ്ഞു. പെട്ടെന്നൊരു ദിവസം വാഹനം ഓടിക്കുന്നതും നിര്‍ത്തി. ലോണിന് എടുത്ത കാര്‍ ഓടിക്കുന്നത് ഹറാം ആണെന്ന് പറഞ്ഞായിരുന്നു ഹഫീസ് കാര്‍ ഓടിക്കുന്നത് നിര്‍ത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു.

സോഷ്യല്‍മീഡിയകളിലൂടെയാണ് ഇസ്ലാമിക്‌സ്‌റ്റേറ്റ് ആദ്യം കേരളത്തിലേക്ക് നുഴഞ്ഞു കയറിയത്. വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റി പ്രചരിപ്പിച്ച തീവ്രവാദ ആശങ്ങളും യുവാക്കളെ ആകര്‍ഷിച്ചു. മതവാദികളായ യുവാക്കളിലെ ഒരുവിഭാഗം ഐഎസിന്റെ വാഗ്ദാനങ്ങളില്‍ ഒറ്റയടിക്ക് കുടുങ്ങിയെന്നും കരുതാനാവില്ല.അല്‍ഖ്വയ്ദയും സിമിയുമടക്കമുളള സംഘടനകള്‍ കേരളത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്യ്ത സംഭവങ്ങള്‍ കൂടി കൂട്ടിവായിച്ചാല്‍ ഇസ്ലാമിക്‌സ്‌റ്റേറ്റിന്റെ കേരളത്തിലെ തായ് വേരുകള്‍ മനസ്സിലാക്കാം.

വിദേശങ്ങളിലേക്ക് തൊഴില്‍ തേടിപ്പോകുന്ന വലിയൊരു സമൂഹത്തിലേക്ക് വലവീശിയാല്‍ അംഗബലം കൂട്ടാം എന്ന ഇസ്ലാമിക്‌സ്‌റ്റേറ്റിന്റെ ആസൂത്രിത ബുദ്ധിയും ഫലം കണ്ടു. വാട്‌സ് ആപ്പ്‌പോലെ സജീവമായ മാധ്യമങ്ങളില്‍ കൂടി തീവ്രവാദികള്‍ പ്രചരണം ശക്തമാക്കുകയും ചെയ്തതോടെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളും സൈബര്‍ വിഭാഗവും കര്‍ശന നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top