റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല, റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരും

മുംബൈ: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6.25 ശതമാനമായി റിസര്‍വ് ബാങ്ക് നിലനിര്‍ത്തി. നേരത്തെ, പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.

റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു. നിലവില്‍ 5.75 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.

മാര്‍ച്ച് 2017 ഓടെ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തിലെത്തിക്കണമെന്നുള്ള റിസര്‍വ് ബാങ്കിന്റെ ലക്ഷ്യത്തിന് അനുകൂലമായാണ് നാണ്യനയ കമ്മിറ്റിയുടെ തീരുമാനമെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ നാണ്യപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനമായിരിക്കുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ പ്രവചനം. മൊത്തം ആഭ്യന്തര ഉത്പാദനം 7.6 ല്‍ നിന്നും 7.1 ശതമാനമായി താഴുമെന്നും പ്രവചനമുണ്ടായിരുന്നു.

DONT MISS
Top