വര്‍ത്തമാനകാലം കണ്ട ശക്തയായ സ്ത്രീ സാന്നിധ്യമായിരുന്നു ജയലളിത; ‘അമ്മ’യുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി

mammotty
കൊച്ചി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ നടന്‍ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി. വര്‍ത്തമാനകാലം കണ്ട അതിശക്തയായ സ്ത്രീ സാന്നിധ്യമായിരുന്നു ജയലളിതയെന്ന് മമ്മൂട്ടി അനുസ്മരിച്ചു. തമിഴ് മക്കളുടെ ജന്മം കൊടുക്കാത്ത അമ്മയായിരുന്നു. പ്രസവിക്കാതെ ഒരു ജനതയയുടെ തന്നെ അമ്മയാകാന്‍ കഴിയുമെന്ന് തെളിയിച്ച വ്യക്തിയാണ് ജയലളിതയെന്നും മമ്മൂട്ടി പറഞ്ഞു.

സഹജീവികളെ സ്വന്തം മക്കളെപ്പോലെ കാണുകയും അവരുടെ ദൈനംദിന വിഷമങ്ങളില്‍ പങ്ക് ചേരുകയും ചെയ്ത വ്യക്തിയായിരുന്നു അവര്‍. പ്രത്യേകിച്ച് സ്ത്രീശാക്തീകരണത്തിനായി ഒരുപാട് ശ്രമങ്ങള്‍ നടത്തുകയും അതിനായി നിയമങ്ങള്‍ നടപ്പിലാക്കുക്കയും ചെയ്ത ഭരണാധികാരിയായിരുന്നു ജയലളിത. ഒരുപാട് തിരക്കുള്ള ചലച്ചിത്ര നടിയായിരുന്നിട്ടും സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചതാണ് ജയലളിതയുടെ ഏറ്റവും നല്ല തീരുമാനമെന്നാണ് തനിക്ക് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്.

ഈ ഉരുക്ക് വനിതയുടെ വിയോഗം സ്ത്രീ സമൂഹത്തിനും രാഷ്ട്രീയത്തിനും തമിഴ്‌നാടിനും തീരാദു:ഖമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറേക്കാലമായി തമിഴ്‌നാട്ടില്‍ക്കൂടി താമസിക്കുന്ന എനിക്കത് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ആ വിഷമത്തില്‍ ഞാന്‍ പങ്ക് ചേരുകയും അവര്‍ക്ക് നിത്യശാന്തി നേരുകയും ചെയ്യുന്നെന്ന് മമ്മൂട്ടി കൊച്ചിയില്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top