അധികാരത്തിന്റെ അകത്തള ജീവിതത്തിലും ക്രിക്കറ്റിനേയും ഷമ്മി കപൂറിനേയും ഹിന്ദിപാട്ടുകളേയും പ്രണയിച്ച ജയ

tv

ചെന്നൈ: അധികാരത്തിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും മനസ്സില്‍ കൊച്ച് കൊച്ച് ഇഷ്ടങ്ങളും ആനന്ദങ്ങളുമൊക്കെയുള്ള സ്ത്രീയായിരുന്നു ജയലളിത. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും തമിഴ്‌നാടിന്റെ ഭരണ ചക്രത്തിന്റെ അകത്തളങ്ങളിലേക്ക് കടന്നു വന്ന ജയലളിതയ്ക്ക് എന്നും ക്രിക്കറ്റിനോടും ഹിന്ദി സിനിമയോടും അതിയായ മോഹമുണ്ടായിരുന്നു.

ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പുരട്ചിത്തലൈവി തന്റെ ഇഷ്ടങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ നല്‍കിയ അഭിമുഖത്തിലായിരുന്നു ജയലളിത തന്റെ മനസ്സ് തുറന്നത്. രാഷ്ട്രീയത്തിലെന്നതിനപ്പുറം സാധാരണ സ്ത്രീയെപ്പോലെ നിങ്ങള്‍ക്കും ഇഷ്ടങ്ങളും മോഹങ്ങളുമില്ലേ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജയലളിത. എനിക്ക് ക്രിക്കറ്റ് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും നാരി കോണ്‍ട്രാക്ടറെ എന്നായിരുന്നു ജയലളിതയുടെ മറുപടി. ചുരുങ്ങിയ കാലത്തെ കരിയറില്‍ രാജ്യത്ത ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ താരമായിരുന്നു നാരി കോണ്‍ട്രാക്ടര്‍. നാരിയുടെ കളികാണാനായി ടെസ്റ്റ് മത്സരങ്ങള്‍ക്ക് പോയതിനെക്കുറിച്ചുമെല്ലാം ജയലളിത ഓര്‍ത്തെടുക്കുന്നു.

ക്രിക്കറ്റിന് പുറമെ ജയലളിത മോഹിപ്പിച്ച മറ്റൊന്ന് ഹിന്ദി സിനിമയായിരുന്നു. ഒരുകാലത്ത് അഭ്രപാളിയെ അടക്കിവാണ നായികയായിരുന്നതിനാലാകാം ബോളിവുഡിനെ അവര്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഷമ്മി കപൂറിനോട് തനിക്ക് പലപ്പോഴും പ്രണയം തോന്നിയിരുന്നു എന്ന് ജയലളിത അന്നത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഷമ്മി കപൂറിന്റെ ജംഗലി തനിക്കേറ്റവും ഇഷ്ടമുള്ള സിനിമയാണെന്നും ചിത്രത്തിലെ യാഹൂ എന്ന ഷമ്മി കപൂര്‍ അഭിനയിച്ച ഹിന്ദി സിനിമയിലെ ഐക്കോണിക് ഗാനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ജയലളിത പറയുന്നു.

പതിനഞ്ചോളം സിനിമകളില്‍ പാടിയിട്ടുള്ള ജയലളിത തന്റെ പ്രിയപ്പെട്ട ഹിന്ദി ഗാനങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ പറയുന്നു. ആജാ സനം,ചോരി ചോരി തുടങ്ങിയ തന്റെ പ്രിയപ്പെട്ട ഗാനങ്ങളെക്കുറിച്ച് സംസാരിച്ച ജയലളിതയോട് അവതാരിക ഗാനം ആലപിക്കാന്‍ ആവശ്യപെടുന്നുണ്ടെങ്കിലും ജയലളിത ആദ്യമതിന് തയ്യാറാകുന്നില്ല. പിന്നീട് സ്‌നേഹത്തോടെയുള്ള നിര്‍ബ്ബന്ധത്തിന് മുന്നില്‍ അവര്‍ കീഴടങ്ങുകയായിരുന്നു. ആജാ സനം മധുര് ചാന്ദ്‌നി മേം ഹം..തും മിലേ തോ.. എന്ന് തുടങ്ങുന്ന സുന്ദരഗാനം ആ മധുര ശബ്ദത്തില്‍ കൂടുതല്‍ മനോഹരമാകുന്നു.

വീഡിയോ കാണാം

DONT MISS