‘ഇനി സഭയില്‍ കാല് കുത്തുന്നെങ്കില്‍ അത് മുഖ്യമന്ത്രിയായി മാത്രം’; സാരി വലിച്ച് അഴിച്ചവരോടുള്ള ജയലളിതയുടെ മധുരപ്രതികാരം ഇങ്ങനെ

jayalalitha1

ജയലളിത അന്നും ഇന്നും

ചെന്നൈ: അതിജീവനത്തിന്റെ ഒരു പാഠപുസ്തകമാണ് തമിഴ് മക്കളുടെ അമ്മയായ ജയലളിതയുടെ ജീവിതകഥ. പുരട്ചി തലൈവി എന്ന വിശേഷണം അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ ജയലളിത അര്‍ഹിച്ചതാണ്.

സിനിമാഭിനയ രംഗത്ത് തിളങ്ങി നിന്ന ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് സാക്ഷാല്‍ എംജിആര്‍ ആയിരുന്നു. എംജിആറിന്റെ പ്രിയപ്പെട്ട ജയലളിതയ്ക്ക് അദ്ദേഹത്തിന്റെ മരണശേഷം നേരിടേണ്ടി വന്നത് കയ്‌പ്പേറിയ അനുഭവങ്ങളായിരുന്നു.

എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്ന് തന്നെയായിരുന്നു തുടക്കം. ശവമഞ്ചത്തിനു സമീപത്തു നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടു ജയലളിത. എംജിആറിന്റെ ഭാര്യയായിരുന്ന ജാനകി രാമചന്ദ്രനായിരുന്നു ജയയുടെ എതിരാളി.

തുടര്‍ന്ന് പാര്‍ട്ടിയില്‍ രണ്ട് വിഭാഗങ്ങള്‍ ഉണ്ടായി. ജാനകീ രാമചന്ദ്രന്റെ വിഭാഗവും ജയലളിതയുടെ വിഭാഗവും. എന്നാല്‍ എംജിആറിന്റെ ജീവിത പങ്കാളിയല്ല, സിനിമയിലെ പങ്കാളിയായ ജയലളിതയാണ് തങ്ങളുടെ നേതാവെന്ന് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഒന്നടങ്കം പറഞ്ഞപ്പോള്‍ ജയലളിത എന്ന ഉരുക്കു വനിതയെ തിരിച്ചറിയുകയായിരുന്നു ലോകം.

ഡിഎംകെ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ 1989-ലെ തെരഞ്ഞെടുപ്പില്‍ ജയലളിത ബോഡിനായ്കന്നൂരില്‍ നിന്ന് ജയിച്ചിരുന്നു. ആ മന്ത്രിസഭയിലെ പ്രതിപക്ഷനേതാവായിരുന്നു ജയലളിത. എന്നാല്‍ സഭയ്ക്കുള്ളില്‍ വെച്ച് ജയ നേരിട്ടത് മറ്റൊരു നിയമസഭാ അംഗവും നേരിടാത്ത അനുഭവങ്ങളായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടേയും സ്പീക്കറുടേയും കണ്‍മുന്‍പില്‍ വെച്ചാണ് ഡിഎംകെ എംഎല്‍എമാര്‍ ജയലളിതയുടെ സാരി വലിച്ചഴിച്ച് അപമാനിച്ചത്. എന്നാല്‍ ഈ അപമാനം സഹിച്ച് പിന്‍വലിയുകയായിരുന്നില്ല ജയലളിത എന്ന പെണ്‍സിംഹം ചെയ്തത്. മുഖ്യമന്ത്രിയായി മാത്രമേ ഇനി താന്‍ നിയമസഭയിലേക്ക് വരൂ എന്ന് ശപഥം ചെയ്ത ജയലളിത 1991-ല്‍ ബര്‍ഗൂരില്‍ നിന്ന് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയായി തന്റെ ശപഥം നിറവേറ്റി. കരുണാനിധിയുള്ള ഡിഎംകെക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് ജയലളിത ജയിച്ചു കയറിയത്.

നിശ്ചയദാര്‍ഡ്യത്തിന്റെ പെണ്‍രൂപമായിരുന്ന ജയലളിത അരങ്ങൊഴിയുമ്പോള്‍ പകരക്കാരനോ പകരക്കാരിയോ ഇല്ലാത്ത സിംഹാസനം ബാക്കി വച്ചിട്ടാണ് പോകുന്നത്. ഒ പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള ഒരു എഐഎഡിഎംകെ നേതാക്കള്‍ക്കും അമ്മയെ പോലെ മക്കളുടെ മനസില്‍ ഇടം നേടാനാവില്ല.

DONT MISS
Top