താരം തലൈവിയായ അഞ്ച് വിജയങ്ങള്‍!

jj

ചെന്നൈ: മറ്റ് ഏത് രംഗങ്ങളേയും പോലെ ഇന്ത്യന്‍ രാഷ്ട്രീയവും പുരുഷന്മാരുടെ നിയന്ത്രണത്തിലാണ്. അവിടെ വിജയക്കൊടി പാറിച്ച ചുരുക്കം ചില സ്ത്രീ നേതാക്കന്മാരേ ഉണ്ടായിട്ടുള്ളൂ. അതിലും വളരെ കുറച്ചുപേര്‍ക്കേ ജനങ്ങള്‍ക്കിടയില്‍ ബന്ധം സൃഷ്ടിക്കാനും അവരുടെ നേതാവായി മാറാനും സാധിച്ചിട്ടുള്ളൂ. ആ നിരയില്‍ ഏറ്റവും മുകളിലായിരിക്കും ജയലളിതയുടെ സ്ഥാനം.

നായിക എന്ന നിലയിലായിരുന്നു ജയലളിത ആദ്യം പ്രശസ്തയാവുന്നത്. അതിനേക്കാള്‍ മികച്ച വിജയം അവര്‍ക്ക് രാഷ്ട്രീയത്തിലും ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നു. രാഷ്ട്രീയത്തില്‍ പലപ്പോഴും കാലിടറിയ ജയലളിത ഇനിയൊരിക്കലും തിരിച്ച് വരില്ലെന്ന് രാഷ്ട്രീയ പണ്ഡിതന്മാര്‍ വിലയിരുത്തിയിട്ടും ആ നിഗമനങ്ങളെയൊക്കെ കാറ്റില്‍ പറത്തികൊണ്ട് ജയലളിത തിരിച്ച് വന്നുകൊണ്ടിരുന്നു. തമിഴ്ജനതയുടെ പ്രിയങ്കരിയായ അമ്മയായി അവര്‍ വളര്‍ന്നു. ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയ അഞ്ച് വിജയങ്ങള്‍.

1989
ജെ ജയലളിതയുടെ ജീവിതത്തെ മാറ്റി മറിച്ച തെരഞ്ഞെടുപ്പ് വിജയം ഉണ്ടാകുന്നത് 1989 ല്‍ ആയിരുന്നു. തന്റെ രാഷ്ട്രീയ ഗുരുവായ എംജിആറിന്റെ മരണത്തിന് രണ്ട് വര്‍ഷം ശേഷം. എഐഎഡിഎംകെ അപ്പോഴേക്കും രണ്ട് ചേരിയായി മാറിയിരുന്നു. ജയലളിതയുടെ നേതൃത്വത്തിലുള്ള വിഭാഗം 27 സീറ്റ് നേടി. തമിഴ്‌നാടിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത പ്രതിപക്ഷനേതാവായി ജയലളിതമാറി. രാഷ്ട്രീയമണ്ഡലത്തില്‍ ജയലളിത തുടങ്ങുകയായിരുന്നു.
1991
അമ്മയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും രണ്ടാമത്തേതുമായ തെരഞ്ഞെടുപ്പ് വിജയം ഉണ്ടായത് 1991 ലായിരുന്നു. രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു അത്. രാജീവ് ഗാന്ധിയുടെ മരണത്തെതുടര്‍ന്ന് രൂപപ്പെട്ട സഹതാപം ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ-കോണ്‍ഗ്രസ് സംഖ്യത്തിന് ഗുണം ചെയ്തു. തെരഞ്ഞെടുപ്പില്‍ വിജയിച്ച ജയലളിത തമിഴ്‌നാടിന്റെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയുമായിരുന്നു ജയലളിത.
2001
അഴിമതിയില്‍ മുങ്ങിനില്‍ക്കെയാണ് ജയലളിത 2001 ലെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. പക്ഷെ തമിഴ് ജനത അമ്മയ്‌ക്കൊപ്പം നിന്നു 234 ല്‍ 196 വിജയിച്ച് കരുത്തോടെ ജയലളിതയുടെ പാര്‍ട്ടി അധികാരത്തിലേക്ക് തിരികെയെത്തി.
2011
ജയലളിതയ്‌ക്കെതിരായുള്ള അഴിമതിക്കേസുകള്‍ എഐഎഡിഎംകെയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു മുഖ്യശത്രുവായ ഡിഎംകെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ അവരുടെ പ്രതീക്ഷകളെയെല്ലാം കാറ്റില്‍ പറത്തികൊണ്ട് ജയലളിത വന്‍ തിരിച്ച് വരവ് നടത്തി. ഇടത് പാര്‍ട്ടികളുടേയും ഡിഎംഡികെയുടേയും പിന്തുണ ജയലളിതയ്ക്കുണ്ടായിരുന്നു.
2016
തനിക്ക് ജനങ്ങള്‍ക്കിടയിലുള്ള പ്രീതി ജയലളിത തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ആരുമായും സഖ്യത്തിനില്ലാതെ മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. വോട്ടെണ്ണല്‍ ദിവസം അടുക്കുന്തോറും ഡിഎംകെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. പക്ഷെ രാഷ്ട്രീയ നിരീക്ഷകര്‍ക്ക തെറ്റി,കൊടുങ്കാറ്റ് പോലെ തമിഴകത്തെ ഇളക്കി മറിച്ചുകൊണ്ട് പുരഴ്ച്ചിത്തലൈവി നാലാം തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി.

തോല്‍വികളില്‍ തളരാത്ത,തോറ്റുകൊടുക്കാന്‍ കഴിയാത്ത മനസ്സായിരുന്നു ജയലളിതയെ ഓരോ തവണ പുറത്താക്കുമ്പോഴും വര്‍ദ്ധിതവീര്യത്തോടെ തിരിച്ച് വരാന്‍ പ്രേരിപ്പിച്ചത്.

DONT MISS
Top