ഏഷ്യന്‍ മേഖലയിലെ സ്ഥിരതയ്ക്ക് ഭീകരവാദം അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

modi

അഷ്റഫ് ഘനിയും നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തുന്നു

അമൃത്സര്‍ : ഏഷ്യന്‍ മേഖലയിലെ സ്ഥിരതയ്ക്കും വികസനത്തിനും ഭീകരവാദം അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന് യോജിച്ച പോരാട്ടം അനിവാര്യമാണെന്നും മോദി പറഞ്ഞു. ആറാമത് ഹാര്‍ട്ട്ഓഫ് ഏഷ്യ സമ്മേളനത്തിന് മുന്നോടിയായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും, നാലു രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാനിലെ ഭീകരവാദം അടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മോദി ഈ ആവശ്യമുന്നയിച്ചത്. ഭീകരവാദം, അക്രമം, തുടങ്ങിയവ അഫ്ഗാനിസ്ഥാന്റെയും ഏഷ്യന്‍ മേഖലയുടെയും വികസനത്തിന് തിരിച്ചടിയാണ്. ഈ വിപത്തുകളെ മേഖലയിലെ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസിനെ കൂടാതെ, കിര്‍ഗിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, സ്ലോവാക്യ എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തു.


ഹാര്‍ട്ട് ഏഷ്യ കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള മന്ത്രിതല ചര്‍ച്ചകള്‍ ഇന്ന് അമൃത്സറില്‍ തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും സംയുക്തമായി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയുമായി കൂടിക്കാഴ്ച നടത്തി.

DONT MISS
Top