സ്പാനിഷ് ലീഗ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ റയലിന് വിജയം

cr7
മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ സ്പാനിഷ് ലീഗിലെ മത്സരത്തില്‍ സ്‌പോര്‍ട്ടിങ്ങ് ജിയോണിനെതിരെ റയല്‍ മാഡ്രിഡ് 2-1 ന്റെ വിജയം. അവസാന മിനുട്ടുകളില്‍ പെനാല്‍റ്റിയിലൂടെ സമനില പിടിക്കാമായിരുന്ന സുവര്‍ണാവസരം ടുജെ കോപ് നഷ്ടപ്പെടുത്തിയതാണ് സ്‌പോര്‍ട്ടിങ്ങിന് തിരിച്ചടിയായത്. വിജയത്തോടെ പ്രധാന എതിരാളികളായ ബാഴ്‌സലോണയെ 7 പോയിന്റിന് പിന്നിലാക്കാനും സിദാന്റെ ടീമിന് സാധിച്ചു. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ റൊണാള്‍ഡോ ആദ്യ ഗോള്‍ നേടി. ലൂകാസിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് അനുവദിച്ച പെനാല്‍റ്റി കിക്കില്‍ നിന്നായിരുന്നു താരത്തിന്റെ ആദ്യ ഗോള്‍.

രണ്ടാം ഗോളാവട്ടെ മനോഹരമായ ഒരു ഹെഡ്ഡറിലൂടെയും. ഇടത് വീങ്ങില്‍ നിന്ന് നാച്ചോ നീട്ടി നല്‍കിയ പന്ത് റൊണാള്‍ഡോ തലകൊണ്ട് പോസ്റ്റിലേക്ക് കുത്തിയിടുകയായിരുന്നു. രണ്ട് ഗോള്‍ വഴങ്ങിയതോടെ സ്‌പോര്‍ട്ടിങ് ജിയോണും ഉണര്‍ന്ന് കളിക്കാന്‍ തുടങ്ങി. ഇതിന്റെ ഫലമായി 35 ആം മിനിട്ടില്‍ ഒരു ഗോള്‍ മടക്കാന്‍ സ്‌പോര്‍ട്ടിങ്ങ് ജിയോണിന് കഴിഞ്ഞു. ഇസ്മ ലോഗാണ് സന്ദര്‍ശകര്‍ക്ക് വേണ്ടി ഗോള്‍ നേടിയത്. 77 ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സമനില പിടിക്കാമായിരുന്ന അവസരം ടൂജെ നഷ്ടപ്പെടുത്തിയതോടെ അര്‍ഹിച്ച തോല്‍വി സ്‌പോര്‍ട്ടിങ്ങിനെ തേടിയെത്തുകയായിരുന്നു.

13 കളികളില്‍ നിന്ന് 33 പോയിന്റുമായാണ് ലീഗില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് തന്നെ 27 പോയിന്റുമായി സെവിയ്യയാണ് രണ്ടാം സ്ഥാനത്ത്. ഇരു ടീമിനേക്കാളും ഒരു കളി കുറച്ച് കളിച്ച ബാഴ്‌സലോണ 26 പോയന്റുമായി മുന്നാം സ്ഥാനത്താണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top