അഭിപ്രായങ്ങള്‍ എഴുതി വിടുന്നവര്‍ അല്‍പം മര്യാദ കാണിക്കണം; ഞാന്‍ പറഞ്ഞത് മഞ്ജു ഒഴികെ ആരേയും ബോധിപ്പിക്കേണ്ടതില്ലെന്നും കുഞ്ചാക്കോ ബോബന്‍

kunjacko
കൊച്ചി: ഇന്നലെ കൊച്ചിയില്‍ വിവാഹിതരായ കാവ്യാമാധവനും ദിലീപിനും ആശംസകള്‍ നേര്‍ന്നതിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതില്‍ വിശദീകരണവുമായി കുഞ്ചാക്കോ ബോബന്‍. കാവ്യക്കും ദിലീപിനും ആശംസകള്‍ അറിയിച്ച് കൊണ്ട് ഞാന്‍ എഴുതിയ വാക്കുകള്‍ ആളുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയും വളച്ചൊടിക്കുകയുമായിരുന്നു. കാവ്യയും ദിലീപും മഞ്ജുവും എല്ലാം എന്റേയും കുടുംബത്തിന്റേയും നല്ല സുഹ്യത്തുക്കളാണ്. മഞ്ജുവിന്റെ തിരിച്ച് വരവില്‍ ഞാന്‍ എത്രത്തോളം പിന്തുണ നല്‍കിയാണ് കൂടെ നിന്നതെന്ന് മഞ്ജുവിന് അറിയാം. അഭിപ്രായം എന്ന് പറഞ്ഞ് എന്തെങ്കിലും പറയാനും എഴുതിവിടാനും എല്ലാവര്‍ക്കും എളുപ്പമാണ്. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ അല്പം മര്യാദയെങ്കിലും കാണിക്കണമെന്നും താരം പറഞ്ഞു.

ഞാന്‍ എന്താണ് പറഞ്ഞതെന്ന് മഞ്ജു ഒഴികെ ബാക്കി ആരെയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല എന്നും കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കാവ്യ എനിക്ക് സഹോദരിയും അതിലുപരി നല്ല സുഹൃത്തുമാണ്. വീട്ടുകാര്‍ക്കും അങ്ങനെ തന്നെ. വര്‍ഷങ്ങളായി അവളെ അറിയാം.  അതുകൊണ്ട് തന്നെ അവള്‍ക്ക് നല്ല ജീവിതത്തിനായി ആശംസ അറിയിച്ചു. ദിലീപിനും ആശംസകള്‍ നേര്‍ന്നു. എന്നാല്‍ ഞാനൊരിക്കലും അവരുടെയോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും വ്യക്തിപരമായ ജീവിതങ്ങളില്‍ ഇടപെടാന്‍ പോയിട്ടില്ല. നല്ലൊരു ജീവിതം നേര്‍ന്നുകൊണ്ട് ആശംസകള്‍ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കാവ്യക്കും ദിലീപിനും വിവാഹ ആശംസകള്‍ നേര്‍ന്നുള്ള കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യാപക വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. നിങ്ങള്‍ക്ക് നാണമില്ലെ ആശംസകള്‍ നേരാന്‍, ജനങ്ങളെ പറ്റിച്ചു രണ്ട് ജീവിതങ്ങള്‍ തകര്‍ത്ത് ഇവര്‍ കാട്ടിക്കൂട്ടുന്ന ഈ കാമ ഭ്രാന്ത്രിനു ആശംസകള്‍ കൊടുത്തതില്‍ നിങ്ങളോട് വെറുപ്പ് തോന്നുന്നു. മഞ്ജു വാര്യരോട് കൂടുതല്‍ ബഹുമാനം തോന്നുന്നു എന്നടക്കമുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കുഞ്ചാക്കോ ബോബന്‍ രംഗത്ത് വന്നത്.

DONT MISS
Top