വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നവര്‍ക്ക് മേല്‍ ‘പിടിമുറുക്കാന്‍’ കേന്ദ്രസര്‍ക്കാര്‍; ആദായനികുതി നിയമം ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നെന്ന് സൂചന

tax

ദില്ലി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നവര്‍ക്ക് മേല്‍ അധികനികുതി ചുമത്തുന്ന നിലയില്‍ ആദായനികുതി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. അനധിക്യത പണം കൈവശം വെയ്ക്കുന്നവര്‍ക്ക് മേല്‍ 60 ശതമാനം നികുതി ചുമത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

കളളപ്പണം തടയുന്നതിന് നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ആദായനികുതി പരിഷ്‌ക്കരണത്തിനും തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ ഈ വിഷയത്തില്‍ എല്ലാവരും യോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തീരുമാനം പുറത്ത് പ്രഖ്യാപിക്കുന്നത് ഉചിതമല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ നീക്കം നീട്ടിവെച്ചതായാണ് സൂചന. എങ്കിലും താമസിയാതെ സര്‍ക്കാര്‍ നയം വ്യക്തമാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുവര്‍ക്ക് മേല്‍ 60 ശതമാനം നികുതി ചുമത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമാനുസ്യതമായി കളളപ്പണം വെളുപ്പിക്കുന്നതിന് കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

അനധികൃത സമ്പാദ്യത്തിന് 45 ശതമാനം അധിക നികുതി അടച്ച് തുക നിയമവിധേയമാക്കാനുളള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. ഇതുവഴി 60000 കോടി രൂപ ഔദ്യോഗിക പണസംവിധാനത്തിലേയ്ക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇതില്‍ നിന്നും വ്യത്യസ്തമായി നോട്ട് അസാധുവാക്കലിന് ശേഷം കണ്ടെത്തുന്ന അനധികൃത സമ്പാദ്യത്തിന് 60 ശതമാനം നികുതി ചുമത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതനുസരിച്ച് ആദായനികുതി നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ നികുതി പണം വെളിപ്പെടുത്താത്ത നിയമലംഘകര്‍ക്ക് മേല്‍ 200 ശതമാനം പിഴ ചുമത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നു.

60 ശതമാനം നികുതിയും, 200 ശതമാനം പിഴയും, നികുതി ഒഴിവാക്കിയതിനുളള നിയമനടപടിയും ചേര്‍ന്ന് നടപടി കടുപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് സാമ്പത്തികവിദഗ്ധര്‍ കണക്കുകൂട്ടുന്നു. നോട്ട് അസാധുവാക്കല്‍ നടപടിയ്ക്ക് ശേഷം ജന്‍ ധന്‍ അക്കൗണ്ടുകളില്‍ 21000 കോടി രൂപയുടെ നിക്ഷേപം വന്ന പശ്ചാത്തലത്തിലാണ് ആദായനികുതി നിയമം ഭേദഗതി ചെയ്തു നടപടി കടുപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top