ഇന്ത്യയിലെ പുതിയ 500, 2,000 രൂപാ നോട്ടുകള്‍ നേപ്പാളില്‍ ‘നിയമവിരുദ്ധം’

nepal-note

പുതിയ ഇന്ത്യന്‍ നോട്ടുകള്‍ (മാതൃക)

കാഠ്മണ്ഡു:ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ ഇന്ത്യ പുറത്തിറക്കിയ പുതിയ 500, 2,000 രൂപാ നോട്ടുകള്‍ നേപ്പാളില്‍ വിനിമയ യോഗ്യമല്ലെന്ന് നേപ്പാളിന്റെ കേന്ദ്ര ബാങ്ക് അറിയിച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ഇന്ത്യയുടെ പുതിയ 500, 2,000 നോട്ടുകള്‍ ഇന്ത്യയില്‍ സ്വീകാര്യമാകുന്നത് വരെ നേപ്പാളില്‍ ഇവ നിയമ വിരുദ്ധമായിരിക്കുമെന്നാണ് നേപ്പാള്‍ രാഷ്ട്ര ബാങ്ക് (എന്‍ആര്‍ബി) അറിയിച്ചത്.

ഇന്ത്യന്‍ റിസര്‍വ്വ് ബാങ്കുമായുള്ള ധാരണ പ്രകാരം നേപ്പാള്‍ പൗരന് 25,000 രൂപയുടെ വരെ 500-ന്റെയും 1,000-ത്തിന്റേയും പഴയ നോട്ടുകള്‍ കൈവശം വെയ്ക്കാം എന്ന് എന്‍ആര്‍ബി കിഴക്കന്‍ മേഖല മേധാവി രാമു പൗദേല്‍ പറഞ്ഞു. വിനിമയത്തിനുള്ള ഉപാധികളില്‍ വ്യക്തത ഉണ്ടാവുന്നത് വരെയാണ് പുതിയ നോട്ടുകള്‍ നിയമവിരുദ്ധമായിരിക്കുക എന്നും അദ്ദേഹം പറഞ്ഞു.

അസാധുവാക്കിയ നോട്ടുകളുടെ കാര്യത്തില്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല. ഇന്ത്യയുടെ കേന്ദ്ര ബാങ്ക് പുതിയ ഫെമ (FEMA) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചാല്‍ മാത്രമേ പുതിയ നോട്ടുകള്‍ വിനിമയ യോഗ്യമാകൂ.

വിദേശരാജ്യങ്ങള്‍ക്ക് നിശ്ചിത തുകയ്ക്കുള്ള ഇന്ത്യന്‍ കറന്‍സി കൈവശം വെയ്ക്കാന്‍ അനുമതി നല്‍കുന്നതാണ് ഫെമ നോട്ടിഫിക്കേഷന്‍. നിലവില്‍ നേപ്പാളിലെ പൗരന്‍മാര്‍ക്ക് 25,000 രൂപ വരെയുള്ള ഇന്ത്യന്‍ കറന്‍സി കൈവശം വെയ്ക്കാന്‍ അനുമതി ഉണ്ട്.

കാര്യങ്ങള്‍ ലഘൂകരിക്കാനായി ഇരു രാജ്യങ്ങളുടേയും കേന്ദ്ര ബാങ്കുകള്‍ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് രാമു പൗദേല്‍ പറഞ്ഞു. ഇന്ത്യ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ ഇന്ത്യന്‍ കറന്‍സി ഉപയോഗക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശം തയ്യാറാക്കാനായി പ്രത്യേക ദൗത്യ സംഘത്തെ നേപ്പാള്‍ നിയോഗിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top