ബാഹുബലിയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ലീക്കായ സംഭവത്തില്‍ ആറ് പേര്‍ കൂടി അറസ്റ്റില്‍

b2

മുംബൈ: ബാഹുബലിയുടെ രണ്ടാം ഭാഗം ബാഹുബലി ദ കണ്‍ക്ലൂഷന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഇന്റര്‍നെറ്റിലുടെ ലീക്കായ സംഭവത്തില്‍ ആറ് പേര്‍ കൂടി അറസ്റ്റില്‍. ചിത്രത്തിലെ രംഗങ്ങള്‍ പുറത്തായി രണ്ട് ദിവസത്തിനകമാണ് ആറുപേരുടെയും അറസ്റ്റ്. വിജയവാഡ സ്വദേശികളായ ആറുപേരും വിദ്യാര്‍ത്ഥികളാണ്.

ചിത്രത്തിന്റെ എഡിറ്റിംഗ് ടീമിനൊപ്പമുണ്ടായിരുന്നു 24 കാരനായ ഗ്രാഫിക് ഡിസൈനിംഗ് ട്രെയിനിയായ യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കൃഷ്ണ ദയാനന്ദ് ചൗധരിയാണ് അറസ്റ്റിലായത്. സിനിമയുടെ എഡിറ്റിംഗ് ടീമിലംഗമായിരുന്ന കൃഷ്ണ ദൃശ്യങ്ങളുടെ കോപ്പി തന്റെ സുഹൃത്തായ അക്കി കൃഷ്ണ ചൈതന്യ എന്ന യുവാവിന് കൈമാറിയതായി സമ്മതിച്ചിട്ടിട്ടുണ്ട്. അക്കിയുടെ പക്കല്‍ നിന്നും ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുകയായിരുന്നു. പിന്നിടാണ് രംഗങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലും മറ്റും അപ്പ്‌ലോഡ് ചെയ്യുന്നത്.

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ അതീവ രഹസ്യമായി വന്‍ സുരക്ഷയോട് കൂടിയായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ചിത്രീകരണത്തിലെ സുരക്ഷ കണക്കിലെടുത്താണ് രംഗങ്ങള്‍ ലീക്കായതിന് പിന്നില്‍ ഷൂട്ടിംഗ് ക്രൂവിലെ അംഗം തന്നെ ആകാമെന്ന അനുമാനത്തില്‍ പൊലീസ് എത്തിയത്.

പ്രഭാസും അനുഷ്‌കയും അഭിനയിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗമാണ് ചോര്‍ന്നത്. യൂട്യൂബില്‍ രംഗങ്ങള്‍ ട്രെന്റിംഗായതോടെയാണ് സംവിധായകനും നിര്‍മ്മാതാക്കളും പൊലീസില്‍ പരാതി നല്‍കുന്നത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2.

DONT MISS
Top