നോട്ട് അസാധുവാക്കല്‍ നടപടി; ജന്‍ ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 21000 കോടി രൂപയായി വര്‍ധിച്ചു

bank-deposit-hike
ദില്ലി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജന്‍ ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 13 ദിവസങ്ങളില്‍ ജന്‍ ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത് 21,000 കോടി രൂപയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പശ്ചിമബംഗാളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം ഉണ്ടായിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് കര്‍ണാടകയാണ്. നവംബര്‍ 9 വരെ 25.5 കോടി അക്കൗണ്ടുകളിലായി 45,636.61 കോടിയാണ് നിക്ഷേപമായി ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത് 66,636 കോടിയായി വര്‍ധിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ മാസം എട്ടിനായിരുന്നു രാജ്യത്ത് നിലവിലുണ്ടായിരുന്ന 1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങള്‍ പണം നിക്ഷേപിക്കാനും മാറാനുമായി ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നീണ്ട ക്യൂ ആണ് അനുഭവപ്പെട്ടിരുന്നത്. രാജ്യത്തെ എല്ലാ വീടുകളിലെയും ഒരു വ്യക്തിയെ എങ്കിലും ബാങ്കുമായി ബന്ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ പദ്ധതിയാണ് ‘പ്രധാനമന്ത്രി ജന്‍ ധന്‍ യോജന’. സീറോ ബാലന്‍സ് അക്കൗണ്ടുകളായി തുടങ്ങാവുന്ന ഈ പദ്ധതി 2014 ആഗസ്റ്റ് 28 നാണ് നടപ്പില്‍ വന്നത്.

സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കല്‍ സ്‌ഫോടനാത്മകമായ രീതിയില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ജന്‍ ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും പരിശോധിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചിരുന്നു.

DONT MISS
Top