സച്ചിനെ ഓര്‍മ്മിപ്പിച്ച് രുദ്ര പ്രതാപ്; അഞ്ച് വയസുകാരന്റെ ബാറ്റിംഗിന് മുന്നില്‍ നമിച്ച് ക്രിക്കറ്റ് ലോകം

rud

ദില്ലി: ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അരങ്ങേറ്റം കുറിക്കുന്നത് തന്റെ 16 ആം വയസ്സിലായിരുന്നു. തലമുറകളെ ക്രിക്കറ്റിലേക്ക് അടുപ്പിക്കുകയും സ്വപ്‌നനേട്ടത്തിന് പ്രായം ഒരു തടസ്സമല്ലെന്നും അന്ന് അദ്ദേഹം കാണിച്ച് തന്നു. ചെറുപ്രായത്തില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ താരങ്ങള്‍ വേറെയുമുണ്ട്. എട്ട് വര്‍ഷങ്ങള്‍ക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിച്ച പാര്‍ത്ഥീവ് പട്ടേല്‍ ഒരു ഉദാഹരണം. ചേട്ടന്മാരെ വെല്ലുന്ന പ്രകടനവുമായി കൊച്ചുപിള്ളേര്‍ പലപ്പോഴും മൈതാനത്തിന്റെ മധ്യത്തിലെ ആ 22 യാര്‍ഡ് സ്ഥലത്തേക്ക് വന്നിട്ടുണ്ട്. എന്നാലും അഞ്ച് വയസ് ബാറ്റ് എടുക്കാനുള്ള പ്രായമായി ഇന്നും ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷെ ആ കാഴ്ച്ചപ്പാടിനെ പൊളിച്ചടുക്കുകയാണ് ദില്ലിയില്‍ നിന്നുമുള്ള അഞ്ച് വയസ്സുകാരന്‍ രുദ്ര പ്രതാപ്.

അണ്ടര്‍-14 മത്സരത്തില്‍ ദില്ലിയ്ക്കായി ബാറ്റ് വീശുന്ന അഞ്ച് വയസുകാരന്‍ രുദ്ര പ്രതാപിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2014 ല്‍ നടന്ന മത്സരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദില്ലിയുടെ ബാറ്റ്‌സ്മാന്‍ പുറത്തായതിന് പിന്നാലെ ഗ്രൗണ്ടിലേക്ക് എത്തുന്ന പുതിയ താരത്തെ കണ്ട് അമ്പരന്ന് പോവുകയാണ് കാണികളും കമന്റേര്‍മാരും വീഡിയോയില്‍. ഹെല്‍മെറ്റും ബാറ്റും പാഡും തനിയെ നടന്ന് വരുന്നതായെ ആദ്യ നോട്ടത്തില്‍ തോന്നുകയുള്ളൂ. പിന്നെയാണ് അതിനടില്‍ ഒരു കളിക്കാരനുണ്ടെന്ന് മനസ്സിലാവുകയുള്ളൂ.

ആള് കുഞ്ഞ് വാവയാണെങ്കിലും രുദ്ര പ്രതാപിന്റെ ബാറ്റിംഗ് പേരുപോലെ ഘനഗംഭീരമാണ്. ബാറ്റിംഗ് നിഘണ്ടുവിലെ ഷോട്ടുകള്‍ അതേ പടി പകര്‍ത്തിയാണ് രുദ്ര കളിക്കുന്നത്. അത്ഭുതം ആശ്ചര്യവും അടക്കിവച്ച് ആ ബാറ്റിംഗ് കാണാന്‍ സാധിക്കില്ല. ട്വന്റി-20 മത്സരത്തിലാണ് കൊച്ചുതാരം കളിക്കാനിറങ്ങുന്നത് എന്നതും ശ്രദ്ധയമാണ്. തന്നേക്കാള്‍ ഉയരമുള്ള സ്റ്റമ്പുകള്‍ക്ക് മുന്നില്‍ നിന്ന് കളിക്കുന്ന രുദ്രയുടെ കട്ടും ഡ്രൈവും ഫഌക്കുമെല്ലാം അതിമനോഹരമാണ്. മുതിര്‍ന്ന അനുഭവ സമ്പന്നനായ ബാറ്റ്‌സ്മാന്റെ പക്വതയുണ്ട് കൊച്ചു രുദ്രയുടെ നടത്തത്തില്‍ വരെ.

DONT MISS