സെല്‍ഫി പ്രേമികള്‍ ജാഗ്രതൈ; ഇനി തീവണ്ടിയില്‍ നിന്ന് സെല്‍ഫിയെടുത്താല്‍ പിടി വീഴും

train-selfie

പ്രതീകാത്മക ചിത്രം

ചെന്നൈ: ഓടുന്ന തീവണ്ടികളുടെ വാതില്‍ക്കല്‍ നിന്നും റെയില്‍വേ ട്രാക്കുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് റെയില്‍വേ പൊലീസ്  മുന്നറിയിപ്പ് നല്‍കി. അടുത്തിടെ തീവണ്ടിയില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് പോസ്റ്റിലിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേ പൊലീസ് ഈ തീരുമാനമെടുത്തത്.

കുറഞ്ഞത് 1,000 പേരെങ്കിലും ഓരോ വര്‍ഷവും റെയില്‍ പാളങ്ങളില്‍ മരിച്ചു വീഴുന്നുണ്ടെന്നും തീവണ്ടികയറി മരിക്കുന്നവരില്‍ 30 ശതമാനം പേരും അശ്രദ്ധമായ മൊബൈല്‍ഫോണ്‍ ഉപയോഗം കൊണ്ടാണെന്നും ദക്ഷിണ റെയില്‍വേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓടുന്ന തീവണ്ടികളില്‍ നിന്നും റെയില്‍വേ ട്രാക്കുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നത് ഒഴിവാക്കണം എന്ന് അഡീഷനല്‍ ജനറല്‍ മാനേജര്‍ പികെ മിശ്ര ജനങ്ങളോട്, പ്രത്യേകിച്ച് യുവജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഇനിമുതല്‍ ഇത്തരത്തില്‍ സെല്‍ഫിയെടുക്കുന്നത് പിടിക്കപ്പെട്ടാല്‍ 1989-ലെ ഇന്ത്യന്‍ റെയില്‍വേ ആക്ട് പ്രകാരവും ഐപിസി പ്രകാരവും നടപടികളെടുക്കുമെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് പി വിജയകുമാര്‍ മുന്നറിയിപ്പ് നല്‍കി.

തീവണ്ടികളുടെ വാതില്‍ക്കല്‍ നിന്നും, തീവണ്ടിയുടേയോ എന്‍ജിനുകളുടേയോ മുകളില്‍ കയറിയോ യാത്ര ചെയ്യുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. പിഴയോ തടവോ അതോ രണ്ടും ഒരുമിച്ചോ ഇതിന് ശിക്ഷയായി ലഭിക്കാം. മറ്റ് യാത്രക്കാരുടെ ജീവന് കൂടി ഭീഷണിയാണ് ഇത്തരം കൃത്യങ്ങള്‍. റെയില്‍വേ ട്രാക്കുകളിലേക്ക് അതിക്രമിച്ച് കടക്കുന്നത് 1989-ലെ ഇന്ത്യന്‍ റെയില്‍വേ ആക്ട് പ്രകാരം കുറ്റകരമാണ്.

അടുത്തിടെ ചെന്നൈയ്ക്കടുത്തുള്ള താംബരത്ത് യുവാവ് സെല്‍ഫിയെടുക്കാനായി തീവണ്ടി എന്‍ജിന്റെ മുകളില്‍ കയറിയപ്പോള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. ഇതേ പ്രദേശത്ത് തന്നെയുണ്ടായ മറ്റൊരു സംഭവത്തില്‍ തീവണ്ടിക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാള്‍ തീവണ്ടിയിടിച്ച് മരിച്ചിരുന്നു.

പൊതുജനങ്ങള്‍ക്കായി ആര്‍പിഎഫിന്റെ സഹകരണത്തോടെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എല്ലാ തീവണ്ടികളിലും ജിആര്‍പി അല്ലെങ്കില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഉണ്ടാവുമെന്നും റെയില്‍വേ അറിയിച്ചു.

വീഡിയോ:

DONT MISS
Top