ഇനി കാത്തിരിപ്പിന്റെ നാളുകള്‍; രജനികാന്തിന്റെ 2.0 യുടെ അമ്പരിപ്പിക്കുന്ന ഫസ്റ്റ് ലുക്കും റിലീസ് തിയ്യതിയും പുറത്ത്

2-0

മുംബൈ: കാത്തിരിപ്പിനൊടുവില്‍ രജനികാന്ത് ചിത്രം 2.0 യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ബ്ലോക്ബസ്റ്ററായ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. മുംബൈയിലെ യഷ് രാജ് സ്റ്റുഡിയോയില്‍ നടന്ന പരിപാടിയില്‍ ബോളിവുഡ് സംവിധയകനായ കരണ്‍ ജോഹറാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ചിത്രത്തിലെ അക്ഷയ് കുമാറിന്റെ വ്യത്യസ്തമായ ഗെറ്റപ്പാണ് ഫസ്റ്റ് ലുക്കിന്റെ മുഖ്യാകര്‍ഷണം. അക്ഷയ് കുമാറിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.  കഥാപാത്രത്തിന്റെ സ്വഭാവം കൂടുതല്‍ വ്യക്തമാകുന്നതാണ് പുതിയ പോസ്റ്റര്‍. ചിത്രത്തിന്റെ റിലീസ് വിവരവും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. 2017 ദിപാവലിയ്ക്കായിരിക്കും ചിത്രം തിയ്യറ്ററുകളിലെത്തുക.

ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 ലെ അക്ഷയ് കുമാറിന്റെ വില്ലന്‍ വേഷം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അക്ഷയ് കുമാര്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. തിന്മയുടെ പുതിയമുഖം എന്ന അടിക്കുറിപ്പോടെ അക്ഷയ് പോസ്റ്റര്‍ ട്വിറ്ററിലും പങ്ക് വച്ചിട്ടുണ്ട്. ലോകം മനുഷ്യര്‍ക്ക് മാത്രമുള്ളതല്ലെന്ന തലവാചകത്തോടെയിറങ്ങുന്ന ചിത്രത്തിലെ രജനികാന്തിന്റേയും ലുക്കും ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ട്. രജനിയും അക്ഷയുമുള്ള രണ്ടാമത്തെ പോസ്റ്ററും അതിഗംഭീരവും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നതുമാണ്.

നായകന്‍ രജനികാന്തും സംവിധായകന്‍ ശങ്കറും അക്ഷയ് കുമാറും പങ്കെടുത്ത ചടങ്ങില്‍ കമലഹാസന്‍, ഷാരൂഖ് ഖാന്‍, തുടങ്ങിയവരുടേയും സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ മുതല്‍ മുടക്കിലിറങ്ങുന്ന ചിത്രമാണ് 2.0. 350 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്കായി പറയപ്പെടുന്നത്. തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍, സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തിയ്യറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ചിട്ടിയായി വീണ്ടും എത്തുന്ന 2.0 കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്നാണ് കരുതുന്നത്. ഹോളിവുഡ് ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങളോട് കിടപിടിക്കുന്നതായിരിക്കും 2.0 ലേതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പേള്‍ ഹാര്‍ബര്‍, ട്രാന്‍സ്‌ഫോമേഴ്‌സ്, ഡൈ ഹാര്‍ഡ് തുടങ്ങിയ ചിത്രങ്ങളുടെ സ്റ്റന്‍ഡ് കൊറിയോഗ്രാഫറായിരുന്ന കെന്നി ബാറ്റ്‌സാണ് 2.0 യുടെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.

DONT MISS
Top