മൈതാനത്തിന് പുറത്തും ‘മെസി’യെന്ന ‘മിശിഹ’

messi

ബ്യൂണസ് ഐറിസ്: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീം വിഷമഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. പണം കണ്ടെത്താനാകാതെ ഫുട്‌ബോള്‍ ഫെഡറേഷന്‍ ബുദ്ധിമുട്ടുകയാണ്. ഫിഫ കമ്മറ്റിയുടെ മേല്‍ നോട്ടത്തിലാണ് കാര്യങ്ങള്‍ നടന്നുപോകുന്നത്. ഫെഡറേഷനെ മുന്നില്‍ നിന്ന് നയിക്കാന്‍ നേത്യത്വമില്ലെങ്കില്‍ ഇതായിരിക്കും ഗതി. സാമ്പത്തിക ബുദ്ധിമുട്ടില്‍ പലപ്പോഴും ടീമിനൊപ്പമുള്ള സ്റ്റാഫിന് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മൈതാനത്ത് സ്വന്തം ടീമിന്റെ മിശിഹയായ ലയണല്‍ മെസി ജീവിതത്തിലും മിശിഹയാണെന്ന് തെളിയിച്ചിരിക്കുകയാണ്.

ആറ് മാസത്തിലധികമായി ടീമിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കിട്ടിയിട്ട്. കാത്തിരിപ്പിന് ഫലം കാണില്ലെന്ന് ഉറപ്പായതോടെ അവര്‍ വിവരം ടീം നായകന്‍ മെസിയെ അറിയിച്ചു. ടീമിനായി കഷ്ടപ്പാടുകളും യാതനകളും അനുഭവിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്ത് നല്‍കുകയാണ് മെസി ചെയ്തത്.

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനിലെ വീഴ്ച്ചകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിച്ചുകൊണ്ട് പലപ്പോഴും മെസി രംഗത്തെത്തിയിട്ടുണ്ട്. സംഘാടനത്തിലെ പോരായ്മകളെ മെസി പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. താരങ്ങളുടെ യാത്ര സൗകര്യത്തിലെ പ്രശ്‌നങ്ങളും മറ്റ് അടിസ്ഥാന സൗകര്യത്തിലെ പോരായ്മകളെക്കുറിച്ചുമെല്ലാം മെസി തുറന്നടിച്ചിട്ടുണ്ട്. കോപ്പ അമേരിക്കയുടെ സമയത്ത് താരങ്ങളുടെ വിമാന യാത്രയില്‍ ഫെഡറേഷന്റെ ഭാഗത്തുനിന്നുമുണ്ടായ കെടുകാര്യസ്ഥതയെക്കുറിച്ചുള്ള മെസിയുടെ ട്വീറ്റ് അത്തരത്തിലൊരു രോഷ പ്രകടനമായിരുന്നു. കോപ്പയുടെ ഫൈനലിന് ശേഷം അപ്രതീക്ഷതമായി മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നിലും ഫെഡറേഷനോടുള്ള പ്രതിഷേധമായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്.

DONT MISS
Top