‘ഊര്‍ജിത് പട്ടേലിന്റെ ഭാര്യയും നിതാ അംബാനിയും സഹോദരിമാരാണെന്ന് എത്ര പേര്‍ക്കറിയാം?’; നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവമെന്ത്?

nita-mamta

നീത അംബാനിയും സഹോദരി മംമ്ത ദലാലും

സത്യമോണോ അല്ലയോ എന്നറിയാത്ത സന്ദേശങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എന്നും പതിവാണ്. മുന്‍പിന്‍ നോക്കാതെ പ്രചരിപ്പിക്കുകയാണ് ഭൂരിഭാഗം ആളുകളും ചെയ്യാറുള്ളത്. എന്നാല്‍ ഇത്തരം സന്ദേശങ്ങളില്‍ പലതും തട്ടിപ്പുകളാണെന്നാണ് (Hoax) ഒടുവില്‍ മനസിലാക്കുക.

ആയിരത്തിന്റെയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയതിന്റെ പശ്ചാത്തലത്തിലും ഇത്തരം സന്ദേശങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ പ്രചരിക്കുന്ന ഏറ്റവും പുതിയ സന്ദേശമാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ കുറിച്ചുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ സഹോദരിയാണ് ഊര്‍ജിത് പട്ടേലിന്റെ ഭാര്യ എന്നാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മംമ്ത ദലാല്‍ ആണ് നീത അംബാനിയുടെ സഹോദരി. ‘ഊര്‍ജിത് പട്ടേലിന്റെ ഭാര്യയും നിത അംബാനിയും സഹോദരിമാരാണെന്ന് എത്ര പേര്‍ക്കറിയാം?’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം പ്രചരിക്കുന്ന സന്ദേശം.

nita

നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം

നോട്ട് അസാധുവാക്കിയ നടപടിയില്‍ രോഷം പൂണ്ടിരിക്കുന്നവര്‍ സ്വാഭാവികമായും ഈ സന്ദേശം വലിയ തോതില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ദേശീയ തലത്തില്‍ തന്നെ ഈ സന്ദേശം പ്രചരിച്ചു. എന്നാല്‍ ഒരാള്‍ക്കും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ കഴിഞ്ഞില്ല. ഇത് സത്യമാണോ എന്ന് സംശയിച്ചു നിന്നവര്‍ക്ക് ഉത്തരം നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല.

എന്നാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? ഇല്ല എന്നാണ് ഒറ്റ വാക്കിലുള്ള ഉത്തരം. ഊര്‍ജിത് പട്ടേല്‍ അവിവാഹിതനാണ്. നിതാ അംബാനിയുടെ സഹോദരിയെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണരുടെ ഭാര്യയാക്കുക എന്നത് ഏതോ വിരുതന്‍മാരുടെ തലയില്‍ വിരിഞ്ഞ ഭാവന മാത്രമാണ്. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബിസിനസ് ഡെവലപ്പ്‌മെന്റ് പ്രസിഡന്റായി 2008-2009 വരെ ഊര്‍ജിത് പട്ടേല്‍ പ്രവര്‍ത്തിച്ചിരുന്നു എന്നത് സത്യമാണ്.

കെനിയയിലെ നെയ്‌റോബിയില്‍ 1963 ഒക്ടോബര്‍ 28-നാണ് ഊര്‍ജിത് ആര്‍ പട്ടേല്‍ ജനിച്ചത്. ഗുജറാത്തില്‍ നിന്ന് കെനിയയിലേക്ക് കുടിയേറിയ കുടുംബമാണ് ഊര്‍ജിതിന്റേത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ലഭ്യമായ പ്രൊഫൈലുകളിലൊന്നും ഭാര്യയെ പറ്റി സൂചനയില്ല.

മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയുടെ സഹോദരി മംമ്ത ദലാലിനാകട്ടെ ഊര്‍ജിത് പട്ടേലുമായി ഒരു ബന്ധവുമില്ല. അവര്‍ മുംബൈയിലെ ധീരുഭായ് അംബാനി സ്‌കൂളിലെ അധ്യാപികയാണ്. മാത്രമല്ല, അവരുടെ ഭര്‍ത്താവിന്റെ പേര് സഞ്ജയ് ദലാല്‍ എന്നാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top