ഫീച്ചര്‍ ഫോണിനെ ‘സ്മാര്‍ട്ടാക്കാന്‍’ റിലയന്‍സ്; 1000 രൂപയ്ക്ക് 4 ജി ഫോണുകള്‍ ഒരുങ്ങുന്നു

jio

ദില്ലി: ഇന്ത്യന്‍ ഫോണ്‍ വിപണിയില്‍ പുതിയ സമവാക്യങ്ങള്‍ ചേര്‍ക്കാന്‍ റിലയന്‍സ് ഒരുങ്ങുന്നു. സ്മാര്‍ട്ട്‌ഫോണുകളെ സ്മാര്‍ട്ടാക്കാന്‍ കമ്പനികള്‍ നെട്ടോട്ടമോടുന്നതിനിടയില്‍ റിലയന്‍സ് ഫീച്ചര്‍ ഫോണുകള്‍ക്ക് സ്മാര്‍ട്ട്‌നസ് നല്‍കുകയാണ്. 4 ജി ശേഷിയോടെയുള്ള ഫീച്ചര്‍ ഫോണുകളെയാണ് റിലയന്‍സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക.

4 ജി ഫീച്ചര്‍ ഫോണിലൂടെ പുത്തന്‍ ശ്രേണിയ്ക്ക് തുടക്കം കുറിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. വിലയെന്ന അടിസ്ഥാന ഘടകത്തില്‍ ശ്രദ്ധ ചെലുത്തിയാണ് 4 ജി ഫീച്ചര്‍ ഫോണുകളെ റിലയന്‍സ് ഒരുക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 1000 രൂപയോളമാണ് ഫീച്ചര്‍ ഫോണുകള്‍ക്ക് വില വരിക. കൂടാതെ, അണ്‍ലിമിറ്റഡ് വോയ്‌സ്-വീഡിയോ കോളിങ്ങ് സൗകര്യവും ജിയോ സേവനങ്ങളിലൂടെ റിലയന്‍സ് ഫീച്ചര്‍ ഫോണുകള്‍ക്ക് നല്‍കും.

വോയ്‌സ് ഓവര്‍ എല്‍ടിഇ സവിശേഷതയിലാണ് ഫീച്ചര്‍ ഫോണുകളെയും റിലയന്‍സ് ഒരുക്കിയിട്ടുള്ളത്. കോളുകള്‍ക്ക് മാത്രമായി ഫോണുകളെ ആശ്രയിക്കുന്ന രാജ്യത്തെ പ്രാദേശിക ജന വിഭാഗത്തെ ലക്ഷ്യമിട്ടാണ് റിലയന്‍സ് ഫീച്ചര്‍ ഫോണിനെ രൂപ കല്‍പന ചെയ്തിട്ടുള്ളത്. കണക്കുകള്‍ പ്രകാരം, രാജ്യത്തെ ഒരു ബില്ല്യണ്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ 65 ശതമാനത്തോളം പേര്‍ ഫീച്ചര്‍ ഫോണുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. നിലവില്‍ ഏറ്റവും വില കുറഞ്ഞ 4 ജി സ്മാര്‍ട്ട്‌ഫോണുകള്‍ ആരംഭിക്കുന്നത് 3000 രൂപയിലാണ്.

പൂര്‍ണമായും വോയ്‌സ് ഓവല്‍ എല്‍ടിഇ സാങ്കേതികതയെ അടിസ്ഥാനമാക്കി കോളിങ്ങ് സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ഏക നെറ്റ് വര്‍ക്ക് റിലയന്‍സ് ആണ്. സെപ്തംബര്‍ അഞ്ചിന് ആരംഭിച്ച ജിയോ സേവനങ്ങളുടെ പശ്ചാത്തലത്തില്‍ 25 മില്ല്യണ്‍ ഉപഭോക്താക്കളാണ് ജിയോയ്ക്ക് ലഭിച്ചിട്ടുള്ളത്. ഫീച്ചര്‍ ഫോണുകള്‍ നിര്‍മ്മാണത്തിനായി ചൈനീസ് ഫോണ്‍ ഉത്പാദകരായ ലാവ ഇന്റര്‍നാഷണലിനെയാണ് ജിയോ സമീപിച്ചിട്ടുള്ളത്.

DONT MISS
Top