‘സ്തനാര്‍ബുദത്തിന്റെ രാജ്യതലസ്ഥാന’മെന്ന വിശേഷണം തിരുവനന്തപുരത്തിന്; ബാധിച്ചവരില്‍ പകുതിയും 50 വയസില്‍ താഴെയുള്ളവര്‍

breast-cancer

പ്രതീകാത്മക ചിത്രം

ദില്ലി: കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന് മറ്റൊരു വിശേഷണം കൂടി, സ്തനാര്‍ബുദത്തിന്റെ തലസ്ഥാനം എന്നാണ് തിരുവനന്തപുരത്തിന്റെ പുതിയ വിശേഷണം. ജനസംഖ്യയില്‍ ഒരു ലക്ഷത്തില്‍ 40 എന്ന റെക്കോര്‍ഡ് എണ്ണം കേസുകളാണ് തിരുവനന്തപുരത്തുള്ളത്. ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്റെ (ഐആര്‍ഐഎ) കേരള ചാപ്റ്റര്‍ കഴിഞ്ഞയാഴ്ച നടത്തിയ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം വെളിപ്പെടുത്തപ്പെട്ടത്.

സ്തനാര്‍ബുദത്തിന്റെ ദേശീയ ശരാശരി ജനസംഖ്യയില്‍ ഒരു ലക്ഷത്തില്‍ 20 പേര്‍ക്ക് എന്നാണെന്ന് ഐആര്‍എന്‍എസ് കേരള ചാപ്റ്ററിന്റെ പ്രസിഡന്റ് എസ് പ്രദീപ് പറഞ്ഞു. എന്നാല്‍ കേരള തലസ്ഥാനത്ത് ഇത് ലക്ഷത്തില്‍ 40 ആണ്. കേരളത്തിന്റെ ശരാശരി 14 ആണെന്നും അദ്ദേഹം പറഞ്ഞു. റീജിയനല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നാണ് കണക്കുകള്‍ എടുത്തിട്ടുള്ളത്.

പത്ത് ലക്ഷം സ്ത്രീകള്‍ക്കാണ് ലോകവ്യാപകമായി സ്തനാര്‍ബുദം ബാധിച്ചിട്ടുള്ളത്. ഓരോ വര്‍ഷവുമുണ്ടാകുന്ന മരണങ്ങളില്‍ 21 ശതമാനം സ്തനാര്‍ബുദം ബാധിച്ചുള്ളവയാണ്. സ്തനാര്‍ബുദം നേരത്തേ തന്നെ കണ്ടെത്താവുന്നതാണെന്നും ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നും ജനങ്ങള്‍ ഇക്കാര്യം അവഗണിക്കുന്നുവെന്നും ഐആര്‍ഐഎ സംസ്ഥാന സെക്രട്ടറി മനോജ് ടി പിള്ള പറഞ്ഞു. കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വിപുലീകരിക്കണമെന്നും എന്നാല്‍ മാത്രമേ സ്തനാര്‍ബുദത്തെ ഫലപ്രദമായി നേരിടാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

40 കൊല്ലം പഴക്കമുള്ള പരിശോധനാ രീതിയാണ് മാമോഗ്രാം. എങ്കില്‍ കൂടി പ്രായഭേദമന്യേ സ്തനാര്‍ബുദം തിരിച്ചറിയാന്‍ എല്ലാവരും ഇത് ഉപയോഗിച്ച് പരിശോധിക്കണം. വര്‍ഷാവര്‍ഷം സ്തനാര്‍ബുദ പരിശോധന നടത്തിയാല്‍ നേരത്തേ തന്നെ രോഗം തിരിച്ചറിയാമെന്നും രണ്ടാം ഘട്ടത്തിലുള്ള അര്‍ബുദമാണെങ്കില്‍ കൂടി ചികിത്സിച്ച് ഭേദമാക്കാമെന്നും പ്രദീപ് പറയുന്നു.

DONT MISS
Top