ട്രാക്കിന് വിട; ഫുട്‌ബോള്‍ മൈതാനത്ത് ബൂട്ട് കെട്ടാനൊരുങ്ങി ഉസൈന്‍ ബോള്‍ട്ട്

ഉസൈന്‍ ബോള്‍ട്ട്

ഉസൈന്‍ ബോള്‍ട്ട്

ജമൈക്ക: ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യന്‍ ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോള്‍ മൈതാനത്തേക്ക് ഇറങ്ങാന്‍ തയ്യാറെടുക്കുന്നു. ജര്‍മ്മന്‍ ബുണ്ടേഴ്‌സ് ലീഗയിലെ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് വേണ്ടിയായിരിക്കും  ട്രാക്കുകളില്‍ കൊടുങ്കാറ്റായി മാറിയ ബോള്‍ട്ട് ബൂട്ടണിയുക. കാല്‍പന്ത് കളിയോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ച് മുന്‍പ് പലവട്ടം ബോള്‍ട്ട് സംസാരിച്ചിരുന്നു. ട്രാക്കില്‍ നിന്നും ഉടനെ തന്നെ വിരമിക്കാനിരിക്കുന്ന താരം വിരമിച്ചതിന് ശേഷം ക്ലബ്ബിനൊപ്പം പരിശീലനം ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുന്നത് ക്ലബ്ബിന്റെ സിഇഒ ഹാന്‍സ് യാഷിം വാട്‌സ്‌കെ തന്നെയാണ്.

ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ഓട്ടം മതിയാക്കുന്ന താന്‍ ഫുട്‌ബോളിലേക്ക് തിരിയാന്‍ ആഗ്രഹിക്കുന്നതായും അതിന് മുന്നോടിയായി ചിലരുമായി സംസാരിച്ച് വരികയാണെന്നും ബോള്‍ട്ട് വെളിപ്പെടുത്തിയിരുന്നു. ഒമ്പത് ഒളിമ്പിക് സ്വര്‍ണ്ണം നേടിയിട്ടുള്ള ബോള്‍ട്ട് തന്റെ പ്രിയപ്പെട്ട ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം കളിക്കാനാഗ്രഹമുണ്ടെന്ന് പലവട്ടം വ്യക്തമാക്കിയിരുന്നു. പ്രശസ്ത താരങ്ങളായ മരിയോ ഗാഡ്‌സെ, മാര്‍ക്കോ റിയെസ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ബോള്‍ട്ട് ടീമിന്റെ ഗ്രൗണ്ടില്‍ പരിശീലനം ആരംഭിക്കുമെന്ന് ഹാന്‍സ് യാഷിം പറഞ്ഞു. ടീമുമായി താരം കരാറിലേര്‍പ്പെടാനുള്ള സാധ്യത വളരെ കുറവാണ്.

ടീമിനൊപ്പം ചേരാന്‍ ബോള്‍ട്ടിന് താല്‍പ്പര്യമുണ്ടെന്ന് പ്യൂമയുടെ ചീഫ് ഉദ്യോഗസ്ഥനായ ബ്യോണ്‍ ഗള്‍ഡനാണ് ടീം അധികൃതരെ അറിയിച്ചത്. ടീമിന്റെയും ബോള്‍ട്ടിന്റേയും സ്‌പോണ്‍സറാണ് പ്യൂമ. ബോള്‍ട്ടിന്റെ ഇഷ്ടത്തിന് ടീം പരിശീലകനും മാനേജ്‌മെന്റും പച്ചക്കൊടി കാണിച്ചതോടെ താരത്തിന്റെ ചിരകാല അഭിലാഷം യാഥാര്‍ത്ഥ്യമാവുകയായിരുന്നു. ടീമിനൊപ്പം ബോള്‍ട്ട് മത്സരവേദിയിലേക്ക് ഇറങ്ങില്ല, പരിശീലനത്തെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടുള്ളൂ എന്ന് യാഷിം വ്യക്തമാക്കി.

ഫുള്‍ബോള്‍ മൈതാനത്തേക്കിറങ്ങുന്ന ബോള്‍ട്ടിനായി പ്രത്യേകം തയ്യാറാക്കിയ ബൂട്ടിന്റെ ചിത്രം കഴിഞ്ഞ ദിവസം പ്യൂമ ട്വിറ്ററില്‍ പങ്ക് വച്ചിരുന്നു. ഉസൈന്‍ ബോള്‍ട്ട് നിങ്ങളുടെ ബൂട്ടുകള്‍ റെഡിയാണെന്ന വാചകത്തോടെയായിരുന്നു പ്യൂമ ബൂട്ടിന്റെ ചിത്രം പങ്ക് വച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top