ന്യൂസിലാന്റ് ഭൂചലനം; ഭൂകമ്പത്തിന്റെ തീവ്രതയില്‍ കടയില്‍ വെച്ച കുപ്പികള്‍ തെറിച്ചു പോയി(വീഡിയോ)

earthquake

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സ്ഥലത്തെ വൈന്‍ ശാലയില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ഭൂചലനത്തിന്റെ തീവ്രതയില്‍ സ്ഥാപനത്തിലെ അലമാരകള്‍ കുലുങ്ങുകയും അടുക്കി വെച്ചിരിക്കുന്ന വൈന്‍ കുപ്പികള്‍ നിലത്തു വീണു പൊട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

സ്ഥാപനത്തിന്റെ ഉടമകള്‍ തന്നെയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.   റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭുചലനം, ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തില്‍ നിന്നും 91 കിലോമീറ്റര്‍ അകലെയുള്ള വടക്ക് കിഴക്കന്‍ മേഖലയിലാണ് ഉദ്ഭവിച്ചതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.

അതേസമയം, ഭൂചലനത്തെ തുടര്‍ന്നുണ്ടായ പ്രകമ്പനം രാജ്യത്തുടനീളം അനുഭവപ്പെട്ടുവെന്നും ജനങ്ങള്‍ കരുതിയിരിക്കണമെന്നും ന്യൂസിലന്റ് ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റ് സൂചിപ്പിച്ചു. കഴിഞ്ഞ സെപ്തംബര്‍ മാസം, ന്യൂസിലന്റിന്റെ കിഴക്കന്‍ തീരങ്ങളില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ ചെറു രൂപത്തില്‍ സൂനാമി അടിച്ചിരുന്നു. എന്നാല്‍ കാര്യമായ നഷ്ടങ്ങള്‍ സംഭവിച്ചില്ല.

നേരത്തെ, 2011 ഫെബ്രുവരി മാസം ന്യൂസിലന്റിലെ ദക്ഷിണ ദ്വീപിലെ ഏറ്റവും വലിയ നഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 185 പേര്‍ കൊല്ലപ്പെട്ടിരുന്നു.

DONT MISS
Top