പൊട്ടിക്കരഞ്ഞ് മൈലി സൈറസ്; ഹിലരിയുടെ പരാജയ നടുക്കത്തില്‍ ഹോളിവുഡ്

miley

വാഷിംഗ്ടണ്‍: ഹിലരി ക്ലിന്റന്റെ പരാജയ വാര്‍ത്ത കേട്ട് പോപ്പ് താരം മൈലി സൈറസ് പൊട്ടിക്കരഞ്ഞു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍തന്നെ ഹിലരി ക്ലിന്റണെ പിന്തുണച്ച യുവ പോപ്പ് താരം ട്രംപിനോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്രൈമറി പോരാട്ടത്തില്‍ ബേണി സാന്റേഴ്‌സിനെയാണ് മൈലി പിന്തുണച്ചത്. സാന്റേഴ്‌സ് പരാജയപ്പെട്ടപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവിയായ മൈലി ഹിലരിയെ പിന്തുണക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡോണള്‍ഡ് ട്രംപ് വിജയിച്ചാല്‍ നാടു വിട്ടു പോകുമെന്നും അവര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

ഹിലരിയുടെ പരാജയത്തിനോട് വൈകാരികമായാണ് അവര്‍ ട്വിറ്റര്‍ വീഡിയോയിലൂടെ പ്രതികരിച്ചത്. അതേസമയം നാടുവിട്ടു പോകുമെന്ന പ്രസ്താവനയില്‍ നിന്ന് അവര്‍ പിന്നോട്ടടിച്ചതായാണ് സൂചന. ട്രംപാണ് വിജയിയെന്നത് ദുഖകരമാണെങ്കിലും അദ്ദേഹത്തെ പ്രസിഡന്റായി അംഗീകരിക്കുന്നുവെന്ന് മൈലി പറഞ്ഞു. ദയവു ചെയ്ത് എല്ലാവരോടും സ്‌നേഹത്തോടെയും സഹാനുഭൂതിയോടെയും പെരുമാറണമെന്ന് ട്രംപിനോട് അവര്‍ അപേക്ഷിക്കുകയും ചെയ്തു.

കരഞ്ഞു കൊണ്ടുള്ള പോപ്പ് താരത്തിന്റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ഹോളിവുഡിലെ വലിയ താരങ്ങളാണ് തെരഞ്ഞെടുപ്പിലുടനീളം ഹിലരി ക്ലിന്റണെ പിന്തുണച്ച ഒരു വിഭാഗം. ടോം ഹാന്‍സ്, ലിയാനാഡോ ഡി കാപ്രിയോ, ഏഞ്ചലീന ജോളി എന്നിവരടങ്ങുന്ന വലിയ താരനിര തന്നെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുടെ പിന്തുണക്കായി പരസ്യമായി രംഗത്തെത്തിയിരുന്നു. സംഗീത ലോകത്തെ വമ്പന്മാരായ ബിയോന്‍സേ, ജെസി, ലേഡി ഗാഗ, മൈലി സൈറസ് എന്നിവരൊക്കെ ഹിലരിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top