ജപ്പാനുമായി ഇന്ത്യ ആണവ സഹകരണ കരാറില്‍ ഒപ്പു വെച്ചു

india

ടോക്കിയോ: ഇന്ത്യയും ജപ്പാനും തമ്മില്‍ ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ചു. ആണവ നിര്‍വ്യാപന കരാറില്‍ സഹകരിക്കാതെയാണ് ഇന്ത്യ ജപ്പാനുമായി ആണവ സഹകരണ കരാറില്‍ ഒപ്പുവെയ്ക്കുന്നത്. ഇത്തരത്തില്‍ ജപ്പാനുമായി ആണവ കരാറില്‍ ഏര്‍പ്പെടുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നാഴികക്കല്ലായ ആണവ സഹകരണ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചത്.

കഴിഞ്ഞ ഡിസംബറില്‍, ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയായിരുന്നു ആണവ സഹകരണ കരാറില്‍ ഒപ്പുവെയ്ക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നത്. എന്നാല്‍ ചില പ്രതിബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ കരാര്‍ ഒപ്പിടുന്നത് നീണ്ട് പോവുകയായിരുന്നു. നല്ല ലോകത്തിനായുള്ള നാഴികക്കല്ലായാണ് ആണവ സഹകരണ കരാറിനെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു.

കരാറിലൂടെ ആണവ സാങ്കേതികത ഇന്ത്യയിലെത്തിക്കാന്‍ ജപ്പാന് സാധിക്കും. കരാറിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-സുരക്ഷാ സഹകരണങ്ങള്‍ ദൃഢമാകുന്നതിനൊടൊപ്പം, ചൈനയെ സമ്മര്‍ദ്ദിലാഴത്താനും പുതിയ നീക്കത്തിന് സാധിക്കും.

എന്നാല്‍, ഇന്ത്യയുമായി ആണവ സഹകരണ കരാറില്‍ ഒപ്പുവെയ്ക്കുന്നതിനെതിരെ ജപ്പാനില്‍ വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. അതേസമയം അമേരിക്ക, റഷ്യ, ദക്ഷിണ കൊറിയ, മംഗോളിയ, ഫ്രാന്‍സ്, നമീബിയ, അര്‍ജന്റീന, കാനഡ, കസാഖിസ്താന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായും ഇന്ത്യ അണവ കരാറില്‍ ഒപ്പ് വെച്ചിട്ടുണ്ട്.

DONT MISS
Top