മഞ്ഞപ്പട തകര്‍ത്തു; അര്‍ജന്റീനയ്‌ക്കെതിരെ ബ്രസീലിന്റെ ജയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്; നെയ്മറിന് ‘അര്‍ധ ശതകം’

mes-ney

മത്സരത്തിനിടെ നെയ്മറും മെസിയും

ബെലോ ഹൊറിസോണ്ടെ: ഇതാണ് ആരാധകര്‍ ആഗ്രഹിച്ച ബ്രസീല്‍. ചിരവൈരികളായ അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ മഞ്ഞപ്പടയുടെ വിജയം ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു. ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് തല മത്സരത്തിലാണ് അര്‍ജന്റീനയും ബ്രസീലും ഇന്ന് പുലര്‍ച്ച നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ജയത്തോടെ യോഗ്യത റൗണ്ടിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ബ്രസീലിന് കഴിഞ്ഞു.

ഫിലിപ്പെ കുറ്റീഞ്ഞോ (25-ആം മിനുറ്റ്), നെയ്മര്‍ (45), പൗളീഞ്ഞോ (58) എന്നിവരാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്. സ്വന്തം രാജ്യത്തിനായി നെയ്മര്‍ നേടുന്ന 50-ആം ഗോളാണ് ഇന്നത്തെ മത്സരത്തില്‍ പിറന്നത്. കൂടാതെ മറ്റൊരു ഗോളിന് വഴിയൊരുക്കിയതും നെയ്മര്‍ തന്നെ.

neymar-goal

നെയ്മര്‍ ഗോള്‍ നേടിയപ്പോള്‍

ഇതുവരെ ഏറ്റുമുട്ടിയ 98 മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും 36 വീതമായിരുന്നു വിജയങ്ങള്‍. എന്നാല്‍ ഇന്നു നടന്ന 99-ആം മത്സരത്തിലെ ജയത്തോടെ ഈ കണക്കിലും ബ്രസീല്‍ ലീഡ് നേടിയിട്ടുണ്ട്.

അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി മടങ്ങി വന്ന മത്സരമായിരുന്നു ഇന്നത്തേത്. അതുകൊണ്ടു തന്നെ, പരുക്കേറ്റതിനെ തുടര്‍ന്ന് മെസി കളിക്കാതിരുന്നതിനാലാണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തങ്ങള്‍ക്ക് ജയിക്കാന്‍ കഴിയാതിരുന്നത് എന്ന ന്യായം ഇനി അര്‍ജന്റീനയ്ക്ക് പറയാന്‍ കഴിയില്ല.

messi

മെസി

ടിറ്റെ എന്ന മികച്ച പരിശീലകനു കീഴില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളും ജയിച്ചിരുന്നു എന്ന ആത്മവിശ്വാസവുമായാണ് ബ്രസീല്‍ ടീം കളിക്കാനിറങ്ങിയത്.

രണ്ടു വര്‍ഷം മുന്‍പ്, 2014 ജൂലൈ 8-ന് ലോകകപ്പ് സെമി ഫൈനലില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് ബ്രസീല്‍ ജര്‍മ്മനിയോട് തോറ്റതും ബെലോ ഹൊറിസോണ്ടെയിലെ ഇതേ മിനേറാ സ്‌റ്റേഡിയത്തില്‍ വച്ചു തന്നെയെന്നത് യാദൃശ്ചികം മാത്രം. അന്നത്തെ സെമി മത്സരത്തിനു ശേഷം ആദ്യമായാണ് ബ്രസീല്‍ ടീം ഇവിടെ പന്തു തട്ടാനിറങ്ങിയത്. അന്നത്തെ വീഴ്ചയില്‍ നിന്ന് തങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റത് വീണ മണ്ണില്‍ നിന്ന് തന്നെയെന്നത് കാവ്യനീതിയാകാം.

ney

ആദ്യ ഗോള്‍ ആഘോഷിക്കുന്ന നെയ്മറും കുറ്റീഞ്ഞോയും

ബ്രസീല്‍ ടീമിനും ആരാധകര്‍ക്കും വലിയ ഊര്‍ജമേകിയ മത്സരം തന്നെയായിരുന്നു ഇന്നത്തേത്. ഈ വിജയത്തോടെ 24 പോയിന്റുകളോടെ ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. 11 കളികളില്‍ നിന്നായി ഏഴ് വിജയങ്ങളോടെയാണ് ബ്രസീലിന്റെ കുതിപ്പ്.

അര്‍ജന്റീനയാകട്ടെ 11 കളികളില്‍ നിന്ന് നേടിയ 16 പോയിന്റോടെ ആറാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രമാണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാന്‍ കഴിയുക. അഞ്ചാം സ്ഥാനത്തുള്ളവര്‍ക്ക് വന്‍കരാ പ്ലേ ഓഫ് വഴി യോഗ്യത നേടാനായി ശ്രമിക്കാം.

മത്സരത്തില്‍ പിറന്ന മൂന്ന് ഗോളുകളും കാണാം:

DONT MISS
Top