നോട്ട് പിന്‍വലിക്കല്‍: വാര്‍ത്ത ചോരാതിരിക്കാന്‍ കൃത്യമായ മുന്നൊരുക്കം, ക്യാബിനറ്റ് ഹാളില്‍ നിന്നും മന്ത്രിമാരെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല

note1

ഫയല്‍ ചിത്രം

ദില്ലി : 500, 1000 നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം ചോരാതിരിക്കാന്‍ പ്രധാനമന്ത്രിയും ധനമന്ത്രാലയവും കൃത്യമായ മുന്നൊരുക്കമാണ് നടത്തിയത്. നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രമന്ത്രിമാരെ ക്യാബിനറ്റ് യോഗ ഹാളില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അനുവദിച്ചില്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം മാത്രമാണ് മന്ത്രിമാര്‍ക്ക് ഹാളിന് പുറത്തിറങ്ങാന്‍ കഴിഞ്ഞതെന്ന് ഒരു മന്ത്രിയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയും, റിസര്‍വ് ബാങ്ക് ഗവര്‍ണറും മുതിര്‍ന്ന ചില മന്ത്രിമാരും അടക്കം വളരെ കുറച്ചുപേര്‍ മാത്രമാണ് നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നത്. ധനമന്ത്രാലയത്തിലെയും റിസര്‍വ് ബാങ്കിലെയും ഉന്നത ഉദ്യോഗസ്ഥര്‍ മാസങ്ങളായി, പുതിയ നോട്ടുകളുടെ രൂപകല്‍പ്പനയില്‍ സജീവമായിരുന്നു. എന്നാല്‍ ഇക്കാര്യം മന്ത്രിമാര്‍ പോലും അറിഞ്ഞിരുന്നില്ല എന്നത് വളരെ മുന്നൊരുക്കത്തോടെയാണ് പ്രധാനമന്ത്രിയും സംഘവും പദ്ധതി ആസൂത്രണം ചെയ്തതെന്ന് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ ഒപ്പിടേണ്ട സഹകരണ കരാറിനെ കുറിച്ചുള്ള ചര്‍ച്ചയാണ് മന്ത്രിസഭായോഗത്തിന്റെ ഔദ്യോഗിക അജണ്ടയായി കേന്ദ്രമന്ത്രിമാരെ അറിയിച്ചത്. എന്നാല്‍ മന്ത്രിസഭായോഗം ആരംഭിക്കുന്നതിന് പത്തുമിനുട്ട് മുമ്പ് മാത്രമാണ് നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം മന്ത്രിമാര്‍ അറിഞ്ഞത്.

6.45 ന് ചേര്‍ന്ന മന്ത്രിസഭായോഗം ഏഴരയോടെ കഴിഞ്ഞു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ഭവനിലെത്തി പ്രസിഡന്റ് പ്രണബ് മുഖര്‍ജിയെ നോട്ടുകള്‍ റദ്ദാക്കാനുള്ള തീരുമാനം അറിയിച്ചു. അതിനുശേഷം രാത്രി എട്ടുമണിയ്ക്ക് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നോട്ടുകള്‍ അസാധുവാക്കിയ കാര്യം പ്രഖ്യാപിച്ചത്. ഈ സമയമെല്ലാം കേന്ദ്രമന്ത്രിമാര്‍ ക്യാബിനറ്റ് ഹാളില്‍ തന്നെ ഇരിക്കുകയായിരുന്നു.

രാത്രി ഒമ്പതുമണിയോടെയാണ് മന്ത്രിമാര്‍ ക്യാബിനറ്റ് ഹാളില്‍ നിന്നും പുറത്തിറങ്ങിയതെന്ന് മന്ത്രി വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. കേന്ദ്രമന്ത്രിസഭായോഗം ചേരുന്ന സമയത്തുതന്നെ റിസര്‍വ് ബാങ്ക് ബോര്‍ഡിന്റെ യോഗവും ചേര്‍ന്നിരുന്നു. ഇവരെയും പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ചതിന് ശേഷം മാത്രമാണ് വെളിയില്‍പ്പോകാന്‍ അനുവദിച്ചത്.

വിഷയം ഒരു കാരണവശാലും വെളിയില്‍പ്പോകരുത് എന്ന ലക്ഷ്യത്തോടെയാണ് ആര്‍ബിഐ ബോര്‍ഡ് ചേരുന്ന സമയത്ത് തന്നെ കേന്ദ്രമന്ത്രിസഭാ യോഗവും വിളിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ച മുമ്പ് മന്ത്രിസഭായോഗത്തിനെത്തുന്ന മന്ത്രിമാരോ, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫോ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മന്ത്രിസഭായോഗത്തിലെ ചര്‍ച്ചകളും, തീരുമാനങ്ങളും ഒരുകാരണവശാലും വെളിയില്‍ പോകരുത് എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാബിനറ്റ് സെക്രട്ടേറിയറ്റിന്റെ നടപടി.

നോട്ട് അസാധുവാക്കുന്ന പ്രഖ്യാപനം നടത്തിയശേഷവും പ്രധാനമന്ത്രി ഏതാനും മുതിര്‍ന്ന മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ചര്‍ച്ച അര്‍ധരാത്രി വരെ നീണ്ടുനിന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവരങ്ങള്‍ ചോരാതിരിക്കാന്‍ കൃത്യമായ നടപടികള്‍ എടുത്തതു വഴി കേന്ദ്രസര്‍ക്കാരിന്റെ അധികാര ഇടനാഴികളിലുള്ളവരോ, മാധ്യമങ്ങളോ പോലും, നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം അറിഞ്ഞത് പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ്.

DONT MISS
Top