പുതിയ രൂപത്തിലും പുതിയ നിറത്തിലും ആയിരം രൂപാ നോട്ടുകള്‍ തിരിച്ചുവരുന്നു

rupee-jaitley

പഴയ 1000 രൂപ നോട്ടുകള്‍, അരുണ്‍ ജെയ്റ്റ്ലി ( ഫയല്‍ ചിത്രം)

ദില്ലി : പിന്‍വലിച്ച ആയിരം രൂപ നോട്ടുകള്‍ക്ക് പകരം, പുതിയ രൂപത്തിലും പുതിയ നിറത്തിലും ആയിരം രൂപാ നോട്ടുകള്‍ തിരിച്ചുവരുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കകം പുതിയ നോട്ടുകള്‍ ജനങ്ങളുടെ കൈവശമെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. പുതിയ വര്‍ണ വിന്യാസത്തിലും, ഡിസൈനിലുമാകും പുതിയ ആയിരം നോട്ടുകള്‍ പുറത്തിറക്കുകയെന്നും ദില്ലിയില്‍ എക്കണോമിക്ക് എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ, അദ്ദേഹം അറിയിച്ചു.


500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് മൂലം ജനങ്ങള്‍ക്ക് താല്‍ക്കാലികമായ ബുദ്ധിമുട്ട് ഉണ്ടായതായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സമ്മതിച്ചു. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും സര്‍ക്കാര്‍ തീരുമാനം ഗുണകരമാകും. തീരുമാനമെടുക്കാനുള്ള ഇച്ഛാശക്തി തിരികെ കൊണ്ടുവരിക എന്നതായിരുന്നു ബിജെപി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ നേരിട്ട പ്രധാന വെല്ലുവിളി. നോട്ടുകള്‍ പിന്‍വലിച്ചത് ചെറുകിട കച്ചവടമേഖലയ്ക്ക് താല്‍ക്കാലികമായി ചില ബുദ്ധിമുട്ടുകളുണ്ടാക്കിയേക്കാം. വെളിപ്പെടുത്താത്ത കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് വലിയ പ്രത്യാഘാതമുണ്ടാകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ബാങ്കുകളുടെ പ്രവൃത്തി സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച അടക്കം അവധി ദിനങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

സ്വത്ത് കുറയുന്നതായി കണക്കാക്കാതെ, കണക്കില്‍പ്പെടാത്ത സ്വത്തിന്റെ കൈമാറ്റമായി നടപടിയെ കാണണമെന്ന് സാമ്പത്തികകാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു. അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം സര്‍ക്കാരിലേക്കോ, പൊതുമേഖലയിലേക്കോ മാറുന്നതിലൂടെ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് കരുത്തേകുമെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top