ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം; സര്‍ക്കാര്‍ അടിയന്തര മന്ത്രിസഭായോഗം വിളിച്ചു

delhi-pollution

ഫയല്‍ ചിത്രം

ദില്ലി : അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ദില്ലിയില്‍ ഇന്ന് അടിയന്തര മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് യോഗം വിളിച്ചത്. ദില്ലിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന സര്‍ക്കാര്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും തീരുമാനമെടുത്തേക്കും.

അടിയന്തരസാഹചര്യം കണക്കിലെടുത്ത് ദില്ലിയിലേയും അയല്‍ സംസ്ഥാനങ്ങളിലേയും പരിസ്ഥിതി മന്ത്രിമാരുടെ യോഗം കേന്ദ്രസര്‍ക്കാര്‍ നാളെ വിളിച്ചുചേര്‍ത്തിട്ടുണ്ട്.അതിനിടെ ദില്ലിയില്‍ ഇന്നും അന്തരീക്ഷമലിനീകരണം രൂക്ഷമാണ്. മഞ്ഞും പുകപടലങ്ങളും മൂലം ഗതാഗതം പോലും ദുസ്സഹമായ അവസ്ഥയിലാണ്.

സര്‍ക്കാര്‍ അടിയന്തരനടപടികള്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ജന്തര്‍മന്ദിറില്‍ പ്രതിഷേധ പ്രകടനം നടത്തി.

കഴിഞ്ഞ ദിവസം അന്തരീക്ഷ മലിനീകരണത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്റെ നിര്‍ദേശപ്രകാരം 1,800 ഓളം സ്‌കൂളുകളാണ് അടച്ചിട്ടത്.

ദീപാവലിയ്ക്ക് പിന്നാലെ രാജ്യതലസ്ഥാനത്തെ വായുമലിനീകരണം 14 ഇരട്ടിയായി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ കരിമരുന്ന് പ്രയോഗങ്ങളാണ് കടുത്ത വായുമലിനീകരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വിളകള്‍ കൂട്ടത്തോടെ തീയിടുന്നതും പ്രശ്‌നം രൂക്ഷമാക്കുന്നതായി ആരോപണമുണ്ട്. ഇതേത്തുടര്‍ന്ന് കാര്‍ഷിക വിളകള്‍ക്ക് തീയിടുന്നത് ഒഴിവാക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ അഭ്യര്‍ത്ഥിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top