പൊലീസുകാര്‍ മോശമായി പെരുമാറി; നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ മരത്തില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി

suicide

കണ്ണൂര്‍: കണ്ണൂരില്‍ യുവതി മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കളക്ടറേറ്റ് പരിസരത്തെ താലൂക്ക് ഓഫീസിന് സമീപത്തെ ആല്‍മരത്തിലാണ് യുവതി കയറി ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. വീണ എന്ന ഇരിക്കൂര്‍ സ്വദേശിനിയാണ് താന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടി ഉണ്ടായില്ലെന്ന് കാണിച്ച് ഇത്തരത്തില്‍ പ്രതിഷേധിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് യുവതി മരത്തില്‍ കയറി നിലയുറപ്പിച്ചത്.

നാട്ടുകാര്‍ ഇവരോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ചെവി കൊണ്ടില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മരത്തില്‍ കയറി യുവതിയെ താഴെ ഇറക്കുകയായിരുന്നു. മൂകാമ്പിക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയപ്പോള്‍ കര്‍ണാടക പൊലീസ് തന്നോട് മോശമായി പെരുമാറി എന്നും ഇതിനെ കുറിച്ച് താന്‍ പൊലീസില്‍ പരാതി കൊടുത്തതായും യുവതി പറയുന്നു. എന്നാല്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും തന്റെ പരാതി അവഗണിച്ചുവെന്നും ഇവര്‍ ആരോപിച്ചു. തുടര്‍ന്ന് പല തവണ തുടര്‍നടപടികള്‍ക്കായ് പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ അരമണിക്കൂറോളം ഗതാഗതം ഭാഗികമായി സ്തംഭിച്ചു.

DONT MISS
Top