എഎഫ്‌സി കപ്പില്‍ ചരിത്രം കുറിയ്ക്കാന്‍ നീലപ്പട ഇന്നിറങ്ങുന്നു

bengaluru-fc

ബംഗളൂരു എഫ് സി

ദോഹ : ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം തേടി ബംഗളൂരു എഫ് സി ഇന്നിറങ്ങുന്നു. ഇറാഖ് എയര്‍ഫോഴ്‌സ് ടീമായ അല്‍ ഖുവ അല്‍ ജാവിയയാണ് കലാശപ്പോരാട്ടത്തിലെ എതിരാളികള്‍. ഇരുരാജ്യത്തുനിന്നുമുള്ള ടീമുകള്‍ക്ക് ഇതുവരെ കിരീടം നേടാനാകാത്തതിനാല്‍ ആര് കപ്പ് നേടിയാലും അത് ചരിത്രമാകും. ദോഹയിലെ സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയത്തില്‍ രാത്രി 9.30 നാണ് മല്‍സരം.

എഎഫ്‌സി കപ്പില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ടീമായി ചരിത്രം സൃഷ്ടിച്ച ബംഗളൂരു മറ്റൊരു നാഴികക്കല്ലിന്റെ വക്കിലാണ്. ആദ്യഫൈനല്‍ പ്രവേശത്തില്‍ തന്നെ കിരീടം നേടി ചരിത്രം കുറിയ്ക്കുകയാണ് സുനില്‍ഛേത്രിയുടെ നേതൃത്വത്തിലുള്ള നീലപ്പട ലക്ഷ്യമിടുന്നത്.

അഞ്ചുഗോളുമായി നായകന്‍ സുനില്‍ഛേത്രിയാണ് ബംഗളൂരുവിന്റെ വിജയക്കുതിപ്പിനെ മുന്നില്‍നിന്ന് നയിക്കുന്നത്. മലയാളി താരങ്ങളായ സി കെ വിനീത്, അല്‍വിന്‍ ജോര്‍ജ് എന്നിവരാകും മുന്നേറ്റത്തില്‍ സുനിലിന് കൂട്ടാകുക. രണ്ടുമഞ്ഞക്കാര്‍ഡ് കണ്ട ബംഗളൂരുവിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിംഗിന് ഇന്ന് കളിക്കാനാകില്ല. പകരം ലാല്‍തുമാവിയ റാള്‍ട്ടെയാകും ഇന്ന് ഗോള്‍വല കാക്കുക. പ്രതിരോധനിരയില്‍ മലയാളിതാരം റിനോ ആന്റോയും ബംഗളൂരുവിന്റെ ശക്തിയാണ്.

മൂന്നുവര്‍ഷത്തെ ഫുട്‌ബോള്‍ പാരമ്പര്യമുള്ള ബംഗളൂരുവിനു എഎഫ്‌സി കപ്പില്‍ മുത്തമിടാനായാല്‍ വന്‍ നേട്ടമാകും. പുതിയ പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയുടെ കീഴില്‍ ബംഗളൂരുവിന്റെ നീലക്കുപ്പായക്കാര്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ സിംഗപ്പൂരിലെയും മലേഷ്യയിലെയും ചാമ്പ്യന്‍ക്ലബ്ബുകളെ അവസാന മത്സരങ്ങളില്‍ തോല്‍പ്പിച്ചാണ് നീലപ്പട ഫൈനലില്‍ കടന്നത്. സെമിയില്‍ മലേഷ്യന്‍ ക്ലബ് ജോഹര്‍ ദാറുളിനോടു മലേഷ്യയില്‍ നടന്ന ആദ്യപാദത്തില്‍ 1-1നു സമനില പിടിച്ച നീലപ്പട ബംഗളൂരുവില്‍ നടന്ന രണ്ടാം പാദത്തില്‍ ഒരു ഗോളിനു പിന്നില്‍ നിന്നശേഷം ഛേത്രിയുടെ ഇരട്ട ഗോള്‍ മികവില്‍ 3-1 നു തോല്‍പ്പിച്ചാണ് കലാശപ്പോരിന് അര്‍ഹത നേടിയത്. ഫൈനലിന് മുന്പായി ബംഗളൂരു ടീമിന്റെ പരിശീലനത്തില്‍ നിന്ന്.

ബംഗളൂരുവിനേക്കാള്‍ കൂടുതല്‍ വിജയങ്ങളുടെ ചരിത്രം പറയുന്ന അല്‍ ജാവിയ ആദ്യ എഎഫ്‌സി കപ്പ് കിരീടം തേടിയാണ് ഇറങ്ങുന്നത്. ആക്രമണനിരയുടെ വേഗവും കരുത്തുമാണ് അല്‍ ജാവിയയെ വ്യത്യസ്തരാക്കുന്നത്. പത്ത് കളിയില്‍ നിന്ന് 15 ഗോള്‍ നേടിയ ഹമ്മാദി അഹമ്മദാണ് എയര്‍ഫോഴ്‌സ് ടീമിന്റെ കരുത്ത്. ഇറാഖ് പ്രിമീയര്‍ ലീഗില്‍ രണ്ട് തവണ ഗോള്‍ഡന്‍ ബൂട്ട് നേടിയ അംജദ് റാദിയും കൗമാരപ്രതിഭ ഹുമാം താരിഖും മുന്നേറ്റനിരയുടെ ആക്രമണത്തിന് വേഗവും വൈവിധ്യവും നല്‍കുന്നു. പതിനൊന്നുകളിയില്‍ 26 ഗോളാണ് അല്‍ ജാവിയ ഇതുവരെ നേടിയത്. സസ്‌പെന്‍ഷനെത്തുടര്‍ന്ന് മധ്യനിരയില്‍ ബാഷര്‍ റാസാനും, പ്രതിരോധ നിരയില്‍ സമാല്‍ സയീദും ഫൈനലില്‍ കളിക്കില്ല. എയര്‍ഫോഴ്സ് ടീമിന്റെ പരിശീലനം കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top