പ്രകൃതിവാതക തര്‍ക്കം; റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കനത്ത പിഴ

reliance

മുംബൈ: കൃഷ്ണ-ഗോദാവരി തടത്തില്‍ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയുമായുളള പ്രകൃതിവാതക തര്‍ക്കത്തില്‍ മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കനത്ത പിഴ. ഒഎന്‍ജിസിയുടെ അധീനതയിലുളള എണ്ണപാടത്ത് നിന്നും പ്രകൃതിവാതകം ചോര്‍ത്തുന്നതായുളള പരാതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

കൃഷ്ണ ഗോദാവരി തടത്തില്‍ ഒഎന്‍ജിസിയുടെ അധീനതയിലുളള എണ്ണപാടത്ത് നിന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രകൃതിവാതകം ചോര്‍ത്തുന്നതായുളള പരാതിയിന്മേല്‍ 155 കോടി ഡോളര്‍ പിഴ അടയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതുസംബന്ധിച്ച കത്ത് കേന്ദ്രസര്‍ക്കാര്‍ കമ്പനിയ്ക്ക് കൈമാറി. അതേസമയം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുളള റിലയന്‍സ് തയ്യാറായിട്ടില്ല. റിലയന്‍സും, ഒഎന്‍ജിസിയും തമ്മിലുളള പ്രകൃതിവാതക തര്‍ക്കം അന്വേഷിക്കുന്നതിന് രൂപികരിച്ച ജസ്റ്റിസ് എ പി ഷാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

krishna-godavari

കഴിഞ്ഞ ഏഴുവര്‍ഷകാലയളവില്‍ ഒഎന്‍ജിസിയുടെ അധീനതയിലുളള എണ്ണപാടത്ത് നിന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രകൃതിവാതകം ചോര്‍ത്തിയിരുന്നതായി എ പി ഷാ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റിലയന്‍സിന് പിഴ ചുമത്താന്‍ എ പി ഷാ സമിതി ഓഗസ്റ്റ് 30 ന് ശുപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഇത്തരത്തില്‍ നിയമവിരുദ്ധമായി ശേഖരിച്ച പ്രകൃതിവാതകം വിറ്റ് വരുമാനം കണ്ടെത്തിയത് നീതികരിക്കാന്‍ കഴിയാത്തതാണെന്നും എ പി ഷാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2009 -2015 കാലയളവില്‍ 11000 കോടി രൂപ മൂല്യമുളള പ്രകൃതിവാതകമാണ് റിലയന്‍സ് ഇത്തരത്തില്‍ അന്യായമായി നേടിയത്. നിലവില്‍ പ്രക്യതിവാതകവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ റിലയന്‍സ് ആര്‍ബിട്രേഷനെ സമീപിച്ചിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ റിലയന്‍സ് ആര്‍ബിട്രേഷനെ തന്നെ സമീപിക്കുമെന്നാണ് സൂചന. അതേസമയം ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയില്‍ രണ്ടുശതമാനത്തിന്റെ ഇടിവ് നേരിട്ടു.

DONT MISS
Top