ആശ്വസിക്കാം, എസ്ബിഐയ്ക്ക് പിന്നാലെ ഐസിഐസിഐ ബാങ്കും ഭവനവായ്പാ നിരക്ക് കുറച്ചു

icici

ദില്ലി: എസ്ബിഐയ്ക്ക് പിന്നാലെ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കും ഭവനവായ്പാ നിരക്ക് കുറച്ചു. ഉത്സവസീസണ്‍ പ്രമാണിച്ചാണ് നടപടി. ഭവനവായ്പാനിരക്കില്‍ 15 ബേസിക്ക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ വായ്പ എടുക്കുന്ന വനിതകള്‍ക്ക് 9.15 ശതമാനത്തിന് ഭവന വായ്പ ലഭിക്കും. മറ്റുളളവരുടെ ഭവനവായ്പാ നിരക്ക് 9.20 ശതമാനമാകും. 75 ലക്ഷം വരെയുളള ഭവനവായ്പകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

അതേസമയം വായ്പാ നിരക്ക് 9.1 ശതമാനമായിട്ടാണ് എസ്ബിഐ കുറച്ചിരിക്കുന്നത്. ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് എസ്ബിഐ ഇന്നലെ പ്രഖ്യാപിച്ചത്. റിസര്‍വ് ബാങ്ക് മുഖ്യപലിശ നിരക്കായ റിപ്പോനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് അടിസ്ഥാന പലിശനിരക്ക് എസ്ബിഐ കുറച്ചിരുന്നു. അടിസ്ഥാനനിരക്കില്‍ 15 ബേസിക്ക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ അടിസ്ഥാന പലിശനിരക്ക് 8.90 ശതമാനമായിട്ടാണ് താഴ്ന്നത്. ഇതിന് പിന്നാലെയാണ് ഭവനവായ്പ നിരക്കും എസ്ബിഐ കുറച്ചത്. വനിതക്കള്‍ക്കാണ് 9.1 ശതമാനം നിരക്കില്‍ വായ്പ ലഭിക്കുക. മറ്റുളളവര്‍ക്ക് 9.15 ശതമാനം നിരക്കിലാണ് വായ്പ അനുവദിച്ചിരിക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അനുവദിക്കുന്ന വായ്പകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

നേരത്തെ, ഇന്ത്യയുടെ വായ്പക്ഷമത റേറ്റിങ് ആഗോള റേറ്റിങ് സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ നിലനിര്‍ത്തിയിരുന്നു. അതേസമയം പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ റിസര്‍വ് ബാങ്കിന്റെ ധനനയസമിതി പരാജയപ്പെട്ടാല്‍ വായ്പാക്ഷമതയെ ബാധിക്കുമെന്നും സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

DONT MISS
Top