സല്‍മാന്‍ഖാനും രജനീകാന്തിനും പോലും തകര്‍ക്കാനാകില്ല ഈ റെക്കോര്‍ഡ്; ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രമെഴുതി മോഹന്‍ലാല്‍

lal-hits
കൊച്ചി: ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രങ്ങള്‍ തീര്‍ത്ത് മുന്നേറുകയാണ് മലയാളികളുടെ മഹാനടന്‍. രണ്ട് മാസത്തിനുള്ളില്‍ വിവിധ ഭാഷകളിലായി മൂന്ന് സൂപ്പര്‍ ഹിറ്റുകളുമായാണ് താരത്തിന്റെ കുതിപ്പ്. ഈ കുതിപ്പ് മറികടക്കാന്‍ ഒരു പക്ഷെ ഇന്ത്യന്‍ സിനിമയിലെ മറ്റൊരു നടനും കഴിഞ്ഞില്ലെന്ന് വരാം. രജനീകാന്തും സല്‍മാന്‍ ഖാനും പോലും വര്‍ഷത്തില്‍ ഒന്നോ ഏറിയാല്‍ രണ്ടോ സിനിമകളിലെ അഭിനയിക്കാറുള്ളു എന്നതിനാല്‍ രണ്ട് മാസത്തിനുള്ളില്‍ മൂന്ന് സൂപ്പര്‍ ഹിറ്റുകളെന്ന മോഹന്‍ ലാലിന്റെ റെക്കോര്‍ഡ് തകര്‍ക്കപ്പെടുക അത്ര എളുപ്പമല്ല. ഒപ്പം, പുലിമുരുകന്‍, ജനതാ ഗാരേജ് എന്നീ മൂന്ന് മോഹന്‍ലാല്‍ സിനിമകളും തീയേറ്ററില്‍ പരസ്പരം മത്സരിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ കുറെ നാളുകളായി നാം കാണുന്നത്.

മലയാള സിനിമയുടെ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ട്ച്ച് നൂറ് കോടി ക്ലബിലേക്ക് കുതിക്കുന്ന പുലിമുരുകന്‍ ആണ് മൂന്ന് ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയം. തീയേറ്ററുകളില്‍ ഇപ്പോഴും ആരവങ്ങള്‍ തീര്‍ത്ത് ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്  പുലിമുരുകന്‍.  കഴിഞ്ഞ മാസം മൂന്നിനായിരിന്നു വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ റിലീസ് ചെയ്തത്. റീലീസ് ചെയ്ത് ആദ്യ അഞ്ച് ദിനങ്ങള്‍ കൊണ്ട് 20 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍.  ഇത് വരെ 75 കോടിയിലേറെ കളക്ഷന്‍ നേടിയതാണ്  അനൌദ്യോഗിക വിവരങ്ങള്‍. ചിത്രത്തിന് വിദേശത്തും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം ഇതിനോടകം തന്നെ മറ്റു ഭാഷകളില്‍ ചിത്രീകരിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.

മോഹന്‍ ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചിത്രമായാണ് ഒപ്പം റീലീസിനെത്തിയത്. താരത്തിന്റെ തന്നെ തെലുങ്ക് ചിത്രമായ ജനതാ ഗാരേജ് തിയേറ്ററുകളില്‍ എത്തിയതിന് തൊട്ട് പിന്നാലെയാണ് ഒപ്പവും റിലീസിനെത്തിയത്. പ്രിയദര്‍ശനായിരുന്നു സംവിധായകന്‍. മോഹന്‍ലാല്‍ അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച ഒപ്പം കുടുംബ പ്രേഷകര്‍ ഏറ്റെടുക്കുകയായിരുന്നു. സെപ്തംബര്‍ എട്ടിന് റിലീസ് ചെയ്ത ചിത്രം അമ്പത് കോടിയിലേറെ കളക്ഷന്‍ നേടി.  ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ഈ വര്‍ഷത്തില്‍  മോഹന്‍ലാലിന്‍റേതായി പുറത്തിറങ്ങിയ ആദ്യ രണ്ട് ചിത്രങ്ങളും തെലുങ്കില്‍ നിന്നായിരുന്നു. വിസ്മയം, ജനതാ ഗാരേജ് എന്നീ രണ്ട് ചിത്രങ്ങളും വന്‍ ഹിറ്റായി മാറി. സെപ്തംബര്‍ 1 ന് പുറത്തിറങ്ങിയ ജനതാ ഗാരേജില്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പമാണ് മോഹന്‍ ലാല്‍ നായകനായത്. കൊരാതല ശിവ യായിരുന്നു ആക്ഷന്‍ ചിത്രമായ ജനതാ ഗാരേജ് ഒരുക്കിയത്. തെലുങ്കില്‍ വന്‍ ഹിറ്റായ ചിത്രം 135 കോടി രൂപ കളക്ഷന്‍ നേടി.  തെലുങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായും ജനതാ ഗാരേജ് മാറി. മോഹന്‍ ലാലിന്റെ ആദ്യ നൂറ് കോടി ചിത്രമായും ജനതാ ഗാരേജിനെ വിലയിരുത്താം.

DONT MISS
Top