നിശബ്ദത കൊണ്ട് എല്ലാം മൂടിവെക്കുന്ന സ്ത്രീയുടെ കഥയുമായി ‘ അവനി ‘

avni

അവനി, ഭീമിയെന്നാണ് ആ വാക്കിനര്‍ത്ഥം. സര്‍വ്വംസഹയായ ഭൂമി. പക്ഷെ ഈ ചിത്രം ഭൂമിയെക്കുറിച്ചല്ല, ഭൂമിയെപ്പോലെ എന്തിനേയും തന്റെ നിശബ്ദതകൊണ്ട് മൂടിയിടുന്ന സ്ത്രീയുടെ, അമ്മയുടെ കഥയാണ് അവനി. മനസ്സിനെ അലട്ടുന്ന വിഷയത്തെ തന്മയത്തോടെ അവതരിപ്പിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍. അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായ അക്ഷയ് ഹരീഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഹ്രസ്വ ചിത്രം പത്തു മിനിറ്റില്‍ പറയുന്ന സിനിമയാണ്. കണ്ട് കഴിഞ്ഞാല്‍ കാലങ്ങളോളം മനസ്സില്‍ തങ്ങി നില്‍ക്കുന്ന തന്തുവായി അവനി മാറും.

മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് ഹ്രസ്വ ചിത്രം സഞ്ചരിക്കുന്നത്. ഒരു ആശുപത്രിയും അവിടെ ചികിത്സയ്ക്കായി എത്തുന്ന ദമ്പതികളും ഡോക്ടറുമാണ് പ്രധാന കഥാപാത്രങ്ങള്‍. പീഡനത്തിന്റെ ക്രൂരമുഖം വ്യക്തമാകുന്ന ചിത്രത്തില്‍ പ്രശസ്ത സിനിമാ താരം നിര്‍മ്മല്‍ പാലാഴിയും കബനി ഹരിദാസുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഡോക്ടറായെത്തുന്നത് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ കമല്‍ ദേവാണ്. പതിയെ തുടങ്ങി പ്രേക്ഷകന്റെ മനസ്സില്‍ ഒരു മുറിവായി അവസാനിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും ശ്രദ്ധേയമാണ്. ആഷംസ് എസ്പിയുടേയാണ് ഛായാഗ്രഹണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് കാവേരി എം ദിനേശാണ്. സീം-മുരളിയുടെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡിന് ചേരുന്നതാണ്.

പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന നേര്‍ക്കാഴ്ചകളിലൂടെ സഞ്ചരിക്കുന്നതിനോടൊപ്പം തനിക്ക് മുന്നിലെത്തുന്ന രോഗിയോട് ഡോക്ടര്‍ പെരുമാറേണ്ടത് എങ്ങനെയാണെന്നും അവനി പറഞ്ഞ് വെക്കുന്നു. അഭിനയ മികവുകൊണ്ട് നിര്‍മ്മല്‍ പാലാഴിയും കബനിയും കാഴ്ച്ചക്കാരന്റെ മനസ്സിലൊരു വേദനയായി മാറുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top