അന്ന് നഗ്നയാക്കി തെരുവിലൂടെ, ഇന്ന് റാംപിലൂടെ; തളരാത്ത മനസുമായി പാക് വനിതയുടെ ജീവിതപോരാട്ടം

മോഡലുകള്‍ക്കൊപ്പം റാംപില്‍ നടക്കുന്ന മുഖ്താർ, മധ്യത്തിലുള്ളതാണ് മുഖ്താർ

മോഡലുകള്‍ക്കൊപ്പം റാംപില്‍ നടക്കുന്ന മുഖ്താർ, മധ്യത്തിലുള്ളതാണ് മുഖ്താർ

ഇസ്ലാമാബാദ്: 14 വര്‍ഷം മുന്‍പ് നഗ്നയാക്കി തെരുവിലൂടെ നടത്തിക്കാനും കൂട്ട ബലാല്‍സംഘത്തിന് ഇരയാക്കാനും വിധിച്ച ഗ്രാമകോടതിയുടെ ക്രൂരമായ തീരുമാനത്തിന് മോഡലിംഗിന്റെ റാമ്പിലൂടെ നടന്ന് മറുപടി നല്‍കുകയാണ് മുഖ്താര്‍ മായി എന്ന പാക് വനിത. തന്നെപ്പോലെ പീഢനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരയായ പാക് സ്ത്രീകള്‍ക്ക് പ്രചോദനമായി മാറുകയാണ് മുഖ്താര്‍ മായി. പാകിസ്താനിലെ ഫാഷന്‍ രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത ഫാഷന്‍ ഫെസ്റ്റിലാണ് മുഖ്താറിന്റെ ധീരതയ്ക്കുള്ള ആദരമായി റാംപ് വാക്ക് നടത്തിയത്.

2002 ലായിരുന്നു അയല്‍വാസിയേയും കുടുംബത്തേയും സഹോദരന്‍ അപമാനിച്ചതിന് മുഖ്താറിനെ ശിക്ഷിക്കാന്‍ ഗ്രാമകോടതി വിധിക്കുന്നത്. കൂട്ട ബലാല്‍സംഗവും നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയെന്നതുമായിരുന്നു മുഖ്താറിനെതിരെ വിധിച്ച ശിക്ഷ. മറ്റേത് സ്ത്രീയായിരുന്നാലും ആത്മഹത്യയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന അവസരം, പക്ഷെ മുഖ്താര്‍ തളര്‍ന്നില്ല. സുപ്രീംകോടതി വരെ പോയി തന്നെ ക്രൂരമായി പീഢിപ്പിച്ചവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിച്ച് കൊടുക്കാനുള്ള ആര്‍ജ്ജവം അവര്‍ കാണിച്ചു. 14 പേര്‍ക്കെതിരായിരുന്നു കേസ്. ആറ് പേര്‍ക്കെതിരെ വധ ശിക്ഷയും മറ്റുള്ളവർക്ക് ജീവപരന്ത്യവും കോടതി വിധിച്ചു.

പിന്നീട്, ലോകത്ത് കഷ്ടതകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയായി മുഖതാറിന്റെ ജീവിതം. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വക്കീലായി അവര്‍ മാറി. സാമൂഹ്യ പ്രവര്‍ത്തനങ്ങളും പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളുമൊക്കെയായി തന്റെ ജീവിതം. ഈ സേവനങ്ങള്‍ക്കുള്ള ഫാഷന്‍ ലോകത്തിന്‍റെ ആദരവായിരുന്നു പ്രത്യേക റാംപ് വാക്ക്.

പാകിസ്താനിലെ ടോപ്പ് മോഡലുകള്‍ക്കും ഡിസൈനര്‍മാര്‍ക്കുമൊപ്പമാണ് മുഖ്താര്‍ കഴിഞ്ഞ ദിവസം റാംപിലൂടെ നടന്നത്. എന്റെ ഒരു ചുവട് ഒരു സ്ത്രീയെ എങ്കിലും സഹായിക്കുമെങ്കില്‍ ഞാന്‍ സന്തുഷ്ടയാണ്. ജീവിതത്തില്‍ ഒരു പ്രശ്‌നമുണ്ടായി എന്ന് കരുതി ജീവിതം അവസാനിക്കുകയില്ല. തളരാത്ത മുഖ്താറിന്റെ മനസ്സ് ആ വാക്കുകളില്‍ നിഴലിച്ചിരുന്നു. സ്ത്രീകളുടെ ശബ്ദമാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മള്‍ ദുര്‍ബലരല്ല, നമുക്കും ഹൃദയവും തലച്ചോറുമുണ്ട്. പ്രതീക്ഷ നഷ്ടപ്പെടുത്തരുത് ഒരിക്കല്‍ നമുക്ക് നീതി ലഭിക്കും ഇതായിരുന്നു അടിച്ചമര്‍ത്തലുകളില്‍ നിശബ്ദരാകുന്ന സ്ത്രീകളോട് മുഖ്താറിന് പറയാന്‍ ഉണ്ടായിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top