യുഎഇയില്‍ അനധികൃത ഡ്രോണുകള്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്

drone

ദുബായ്: യുഎഇയിലെ വിമാനത്താവളങ്ങള്‍ക്ക് സമീപമെത്തുന്ന അനധികൃത ഡ്രോണുകള്‍ ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ നഷ്ടമുണ്ടാക്കുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നത് മൂലം വന്‍ സാമ്പത്തി ഭാരമാണ് ഉണ്ടാകുന്നത്. ആയിരക്കണക്കിന് യാത്രക്കാരെയും അനധികൃത ഡ്രോണുകള്‍ ബുദ്ധിമുട്ടിലാക്കുന്നതായി എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കുന്നു.

അനധികൃത ഡ്രോണുകളുടെ സാന്നിധ്യം മൂലം ഈ വര്‍ഷം മൂന്ന് തവണയാണ് ദുബായ് രാജ്യാന്തരവിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചത്. ഒക്ടോബര്‍ ഇരുപത്തിരണ്ടിന് ഡ്രോണിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എണ്‍പത് മിനുട്ടോളം ആണ് ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ മുടങ്ങിയത്. ദുബായിലേക്ക് വന്ന ഇരുപത്തിരണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.ഇതില്‍ പകുതിയും എമിറേറ്റ്‌സിന്റെ വിമാനങ്ങളാണ്.

ദുബായ് വിമാനത്താവളത്തില്‍ ഏതെങ്കിലും വിധത്തിലുള്ള തടസ്സങ്ങള്‍ നേരിട്ടാല്‍ മറ്റ് വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിതിരിച്ചുവിടുക. ഇത് പിന്നീട് ദുബായിലേക്ക് മടങ്ങി എത്തുന്നത് രണ്ട് മുതല്‍ നാലുമണിക്കൂര്‍ വരെ സമയം കഴിഞ്ഞിട്ടാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇങ്ങനെ വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നത് വന്‍ സാമ്പത്തികനഷ്ടമാണ് ഉണ്ടാക്കുന്നത്. ഇത് കൂടാതെയാണ് യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍. കഴിഞ്ഞ ദിവസം മാത്രം ഡ്രോണിന്റെ ശല്യം നിമിത്തം അയ്യായിരത്തോളം യാത്രക്കാര്‍ക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. ഇത് എമിറേറ്റ്‌സിന്റെ സല്‍പ്പേരിന് കളങ്കവും ഉണ്ടാക്കുമെന്നും അധികൃതര്‍ പറയുന്നു. ഈ വര്‍ഷം ജൂണിലും സെപ്തംബറിലും സമാനമായ രീതിയില്‍ അനധികൃത ഡ്രോണുകള്‍ ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു. അനധികൃത ഡ്രോണുകള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാനാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ തീരുമാനം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top