കാഴ്ചക്കാരെ കൂട്ടാന്‍ ‘സദാചാരപരമായ അശ്ലീല’വുമായി തമിഴ് ചാനലുകള്‍; ജനപ്രിയത ഷക്കീലയുടെ ഷോയ്ക്ക്

sshow1

വിവിധ ഷോകളില്‍ നിന്ന്

ചെന്നൈ: ‘സദാചാരപരമായ അശ്ലീലം’ എന്നു കേട്ടിട്ടുണ്ടോ? തമിഴ് ടെലിവിഷന്‍ ചാനലുകളിലെ ഇപ്പോഴത്തെ തരംഗം ഇതാണ്. ‘സെക്‌സോളജി പ്രോഗ്രാമുകള്‍’ എന്നാണ് ഇത്തരം പരിപാടികളെ വിശേഷിപ്പിക്കുന്നത്. കാഴ്ചക്കാരെ കൂട്ടുക എന്നതിലുപരി മറ്റൊന്നുമല്ല ഇത്തരം ഷോകളുടെ ആത്യന്തിക ലക്ഷ്യം.

ഒരു സെക്‌സോളജിസ്റ്റായ ഡോക്ടര്‍ പരിപാടിയില്‍ ഉണ്ടാകും (ഡോ. എം പളനി എന്ന സിദ്ധ വൈദ്യനാണ് ഇതില്‍ ‘ജനപ്രിയന്‍’). പരിപാടി അവതരിപ്പിക്കുന്നത് സ്വാഭാവികമായും ഒരു സ്ത്രീയാണ്. സെക്‌സ് ഷോ ആയതു കൊണ്ടു തന്നെ അവതാരകയുടെ വസ്ത്രധാരണം അതിനോടു ‘നീതി പുലര്‍ത്തുന്നതാ’യിരിക്കുമെന്ന് ന്യൂസ് മിനുറ്റ്സ്  റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്രയുമായിക്കഴിഞ്ഞാല്‍ ബാക്കി എളുപ്പമാണ്. കത്തുകളിലൂടെയും ടെലഫോണുകളിലൂടെയും ‘പ്രേക്ഷകര്‍’ ചോദിക്കുന്ന ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും അവരനുഭവിക്കുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ഡോക്ടര്‍ മറുപടി പറയുന്നതാണ് ഷോയുടെ കാതല്‍. ഒരു ദിവസം പ്രത്യേകമായൊരു വിഷയത്തെ അധികരിച്ചായിരിക്കും ചില ചാനലുകളിലെ ഷോ.

ഇന്ത്യ പോലെ ലൈംഗിക അരാജകത്വം നിലനില്‍ക്കുന്ന രാജ്യത്ത് സമൂഹത്തിന് ടെലിവിഷനിലൂടെ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നു എന്നത് നല്ല കാര്യം തന്നെയാണ്. കാരണം ഇവിടെ ലൈംഗികതയെ കുറിച്ച് സംസാരിക്കുക എന്നത് പാപം ചെയ്യുന്നത് പോലെയാണ് കണക്കാക്കുന്നത്. എന്നാല്‍ തമിഴ് ചാനലുകളിലെ ഇത്തരം പരിപാടികള്‍ സമൂഹത്തിന് നല്‍കുന്ന പല ‘സംശയ നിവാരണങ്ങളും’ തെറ്റാണ് എന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഐടിവിയിലെ ഐ-അന്തരംഗം എന്ന പരിപാടി നോക്കാം. ഒരു കാലത്ത് മലയാളമുള്‍പ്പെടെയുള്ള ദക്ഷണേന്ത്യന്‍ സിനിമകളില്‍ തരംഗമായിരുന്ന ഷക്കീലയാണ് ഐ-അന്തരംഗത്തിന്റെ അവതാരക. ഷക്കീലയുടെ വസ്ത്രധാരണവും അന്തരീക്ഷത്തിനനുയോജ്യമായ പശ്ചാത്തല സംഗീതവും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തം.
ഈ പരിപാടിയുടെ ഒരു എപ്പിസോഡ് കണ്ടശേഷം തുടര്‍ന്ന് വായിക്കാം:

ഷക്കീലയുടെ ശബ്ദത്തിന്റെ മോഡുലേഷന്‍ശ്രദ്ധിച്ചാല്‍ മനസിലാകും, ലൈംഗികാകര്‍ഷണം തോന്നിപ്പിക്കുന്ന രീതിയിലാണ് സംസാരം. ഇനി ഡോക്ടറോട് ചോദിച്ച സംശയവും അതിന്റെ മറുപടിയും പരിശോധിക്കാം. ആഴ്ചയില്‍ രണ്ട് തവണ സ്വയംഭോഗം ചെയ്യാറുണ്ടെന്നും ഇടയ്ക്ക് സ്വപ്‌നസ്ഖലനം ഉണ്ടെന്നുമായിരുന്നു ഒരു പ്രേക്ഷകന്റെ സംശയം. സ്വയംഭോഗം ‘തെറ്റാണ്’ എന്നായിരുന്നു ‘ഡോക്ടറു’ടെ മറുപടി. മാത്രമല്ല, സ്വയംഭോഗം ആണുങ്ങളുടെ പുരുഷത്വം ഇല്ലാതാക്കുമത്രെ! ഞരമ്പുകള്‍ ദുര്‍ബലമാകുന്ന അവസ്ഥയിലെത്തുമെന്നും ഇതിന് ചികിത്സയില്ലെന്നും കൂടി പറയുന്നുണ്ട് ഈ ‘ഡോക്ടര്‍’.

എന്നാല്‍ വാസ്തവം എന്താണ്? സ്വയംഭോഗം എന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. ഇത് വഴി യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വപ്‌നസ്ഖലനവും ഒരു അസുഖമല്ല. സ്വയംഭോഗത്തിന് അടിമയാകുന്നത് ദോഷമാണെങ്കിലും ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നത് ആരോഗ്യത്തിന് ദോഷകരമല്ല. ഈ രീതിയിലുള്ള സംശയ നിവാരണം സമൂഹത്തെ എങ്ങോട്ടാണ് നയിക്കുക എന്നത് ആശങ്കയോടെ നോക്കിക്കാണേണ്ടത് തന്നെയാണ്.

ഇത്തരം തെറ്റിദ്ധാരണാജനകമായ ഷോകളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇത്തരം ഷോകളില്‍ നിന്ന് ലഭിക്കുന്ന തെറ്റായ ഉപദേശങ്ങള്‍ അനുസരിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ അധികൃതര്‍ ദീര്‍ഘവീക്ഷണത്തോടെ കാണേണ്ടതാണ്. മറ്റ് ഭാഷകളിലേക്ക് പടരും മുന്‍പേ ഈ അര്‍ബുദം തമിഴ്‌നാട്ടില്‍ വച്ച് തന്നെ മുറിച്ച് കളയേണ്ടതാണ്.

വിവിധ തമിഴ് ചാനലുകളിലെ സെക്‌സ് ഷോകളുടെ ചില എപ്പിസോഡുകള്‍:

DONT MISS