ബാബാ രാംദേവിന്റെ ‘പതഞ്ജലി’ നിര്‍ബന്ധമായും പുറത്തിറക്കേണ്ട ആറ് ഉത്പ്പന്നങ്ങള്‍ ഇവയെല്ലാം

baba-ramdev

പ്രതീകാത്മക ചിത്രം

യോഗ ഗുരു ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും വിപണി പിടിക്കാന്‍ തങ്ങളുടെ ബ്രാന്‍ഡായ പതഞ്ജലിയുമായി രംഗത്തെത്തിയിട്ട് നാളുകളേറെയായി. നിരവധി ഉത്പ്പന്നങ്ങളാണ് പതഞ്ജലി എന്ന ബ്രാന്‍ഡിനു കീഴില്‍ പുറത്തിറങ്ങിയത്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വെല്ലുവിളിയായി തദ്ദേശീയ ഉത്പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ബാബ രാംദേവ് പലതവണ പറഞ്ഞിട്ടുണ്ട്.

നിലവില്‍ 5,000 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനി കൂടുതല്‍ പുതിയ ഉത്പ്പന്നങ്ങള്‍ പുറത്തിറക്കാനും ഉദ്ദേശിക്കുന്നുണ്ട്. രാസവസ്തുക്കള്‍ കലരാത്തതും പ്രകൃതി സൗഹൃദമായതുമായ ഉല്‍പ്പന്നങ്ങളാണ് തങ്ങളുടേതെന്നാണ് ഉത്പ്പാദകര്‍ അവകാശപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ‘സ്വദേശി ജീന്‍സ്’ ഉള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങള്‍ പുറത്തിറങ്ങാനിരിക്കുകയാണ്.

വിപണിയിലെ കളിയില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ ഉടന്‍ തന്നെ പതഞ്ജലി നിര്‍ബന്ധമായും പുറത്തിറക്കേണ്ട ആറ് ഉത്പ്പന്നങ്ങള്‍ താഴെ പറയുന്നവയെല്ലാമാണെന്നാണ് ‘ബിസിനസ് ടുഡേ’ പറയുന്നത്.

  • പതഞ്ജലി ഫോണുകള്‍

ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ബാബ രാംദേവ് തന്നെ പറഞ്ഞ സാഹചര്യത്തില്‍ പതഞ്ജലി ബ്രാന്‍ഡിന് കീഴിലുള്ള സ്വദേശി ഫോണുകള്‍ പുറത്തിറക്കേണ്ടത് അത്യാവശ്യമാണ്. ടെലകോം മേഖലയിലെ ഇറക്കുമതിയില്‍ ചൈനയുടെ പങ്കാളിത്തം 75 ശതമാനമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട ഉത്പ്പന്നം സെല്‍ഫോണുകള്‍ തന്നെയാണ്.

  • പതഞ്ജലി ഹെര്‍ബല്‍ പടക്കങ്ങള്‍

ഇക്കഴിഞ്ഞ ദീപാവലിക്ക് പൊട്ടിത്തെറിച്ച പടക്കങ്ങള്‍ കൊണ്ട് വളരെയധികം മലിനീകരണമുണ്ടായതായി വാര്‍ത്താ തലക്കെട്ടുകളില്‍ നാം വായിച്ചിരുന്നു. പതഞ്ജലിക്ക് കടന്നു വരാന്‍ കഴിയുന്ന മികച്ച ഒരു മേഖലയാണ് ഇത്. മലിനീകരണം വളരെകുറച്ചു മാത്രം ഉണ്ടാക്കുന്ന തരം ഹെര്‍ബല്‍ സ്വദേശി പടക്കങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ പടക്ക വിപണി പിടിക്കാന്‍ രാംദേവിന് എളുപ്പമാകും.

  • പതഞ്ജലി ടി-ഷര്‍ട്ടുകള്‍

പതഞ്ജലി ബ്രാന്‍ഡിനു കീഴില്‍ ടി-ഷര്‍ട്ടുകള്‍ പുറത്തിറക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേര്‍ ഇന്ത്യയില്‍ ഉണ്ട്. വിപണി പിടിക്കുന്നതിനോടൊപ്പം സ്വദേശി ഉത്പ്പന്നങ്ങളെ പറ്റിയും ദേശസ്‌നേഹത്തേയും പറ്റിയുമുള്ള സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് പ്രചരിപ്പിക്കാനും പറ്റിയ മാര്‍ഗമാണ് ടി-ഷര്‍ട്ടുകള്‍. ജീന്‍സുകളില്‍ പ്രിന്റ് ചെയ്യുക എന്നത് സുഖമുള്ള കാര്യമല്ല.

  • പതഞ്ജലി സെല്‍ഫി സ്റ്റിക്കുകള്‍

പതഞ്ജലി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തുകയാണെങ്കില്‍ തീര്‍ച്ചയായും സെല്‍ഫി സ്റ്റിക്കുകളും പുറത്തിറക്കേണ്ടതുണ്ട്. അല്ലെങ്കില്‍ സ്വദേശി ഫോണുകള്‍ക്കൊപ്പം ഇന്ത്യന്‍ നിര്‍മ്മിതമല്ലാത്ത സെല്‍ഫി സ്റ്റിക്കുകള്‍ ഉപയോഗിക്കേണ്ടതായി വരും. ലക്ഷക്കണക്കിന് ആളുകളെ യോഗ പഠിപ്പിക്കുന്ന വേളകളില്‍ ബാബാ രാംദേവ് തന്നെ ഉപയോഗിച്ചാല്‍ സ്വദേശി സെല്‍ഫി സ്റ്റിക്കുകള്‍ക്ക് പരസ്യവുമായി.

  • പതഞ്ജലി കുടകള്‍

യോഗ നമ്മുടെ ആരോഗ്യത്തെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുമ്പോള്‍ മഴയില്‍ നിന്നും വെയിലില്‍ നിന്നും നമുക്ക് സംരക്ഷണമേകാനായി പതഞ്ജലിയുടെ സ്വദേശി കുടകള്‍ പുറത്തിറക്കേണ്ടതായുണ്ട്. ഹരിദ്വാര്‍ ആസ്ഥാനമായുള്ള കമ്പനിയ്ക്ക് പബ്ലിസിറ്റി ലഭിക്കാനുള്ള മികച്ച മാര്‍ഗവുമാണ് സ്വദേശി കുടകള്‍.

  • പതഞ്ജലി സിഗരറ്റുകള്‍

പതഞ്ജലി ബ്രാന്‍ഡിനു കീഴില്‍ പുറത്തിറക്കാന്‍ കഴിയുന്ന മികച്ച ഒരു ഉത്പ്പന്നമാണ് ഹെര്‍ബല്‍ സിഗരറ്റുകള്‍. സാധാരണ സിഗരറ്റുകള്‍ ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ആരോഗ്യത്തിന് ദോഷകരമാകാത്ത പതഞ്ജലി സിഗരറ്റുകള്‍ പുകവലി ശീലമാക്കിയവര്‍ക്ക് വളരെ ഉപകാരമാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top