ആ ചാനലിന്റെ ചെയര്‍മാന്‍ പദവി ഏറ്റെടുത്തത് അനുഭവപരിചയത്തില്‍; തനിക്ക് രാഷ്ട്രീയമില്ലെന്നും പ്രിയദര്‍ശന്‍

priyadarshan

പ്രിയദര്‍ശന്‍

തിരുവന്തപുരം: രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ജനം ടിവിയുടെ ചെയര്‍മാന്‍ പദവി സ്വീകരിച്ചതെന്ന് പ്രിയദര്‍ശന്‍. തന്റെ ഇരുപത് വര്‍ഷത്തെ അനുഭവ പരിചയത്തിലാണ് ഞാന്‍ ആ ചാനലിന്റെ ചെയര്‍മാന്‍ പദവി ഏറ്റെടുത്തതെന്നും പ്രിയദര്‍ശന്‍ പറയുന്നു. അല്ലാതെ തനിക്ക് കക്ഷിരാഷ്ട്രീയമില്ല. ജനം ടിവിയുടെ ചെയര്‍മാന്‍ പദം ഏറ്റെടുത്തത് മുതല്‍ എന്നെ പലരും ബിജെപിക്കാരനായി മുദ്രകുത്തുകയാണ്. സഹൃദങ്ങളാണ് എന്റെ രാഷ്ട്രീയം .അതുകൊണ്ട് തന്നെ കോളേജിലെ എന്റെ രാഷ്ട്രീയം വളരെ രസകരമായിരുന്നു. പ്രീഡിഗ്രി സമയത്ത് ഞാന്‍ എ.ബി.വി.പിക്കാരനായിരുന്നു. ബി.എക്ക് ചേര്‍ന്നപ്പോള്‍ എസ്.എഫ്.ഐക്കാരനായ ഞാന്‍ അവസാന വര്‍ഷം കെ.എസ്.യുക്കാരനായി.

എന്റെ കൂട്ടുകാര്‍ ഏത് പാര്‍ട്ടിയിലാണോ അവരോടൊപ്പം ഞാന്‍ നടക്കും. അല്ലാതെ എനിക്ക് പ്രത്യേക പാര്‍ട്ടിയൊന്നും അന്നും ഇന്നും ഇല്ല. ബിജെപിയുടെ പാര്‍ട്ടി ചാനലായ ജനത്തിന്റെ ചെയര്‍മാന്‍ പദവി സ്വീകരിച്ചത് മുതല്‍ എന്നെ ബിജെപിക്കാരനായി പലരും മുദ്രകുത്തി. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്താനാപുരത്ത് സിനിമാതാരങ്ങള്‍ തമ്മില്‍ മത്സരിച്ചപ്പോള്‍ ഞാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഗണേഷ് കുമാറിന്റെ പ്രചരണത്തിനാണ് പോയത്. പലരും അതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ജനം ടിവിയില്‍ ഞാന്‍ എന്റെ ജോലി മാത്രമാണ് ചെയ്യുന്നത്. അതിലപ്പുറം വ്യക്തി ബന്ധങ്ങള്‍ക്കാണ് പ്രിയദര്‍ശന്‍ എന്ന വ്യക്തി പ്രാധാന്യം കൊടുക്കുന്നത്. അതില്‍ ജാതിയോ മതമോ രാഷ്ട്രീയമോ കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് അദ്ദേഹം നേരിട്ട് ഫോണ്‍ ചെയ്തിരുന്നു. അതേപോലെ പ്രധാനമന്ത്രിയെ നേരില്‍ കാണാനും അദ്ദേഹത്തിന്റെ ഒരു ക്യാംപയിന് പങ്കെടുക്കാനും സാധിച്ചു. എനിക്ക് രാഷ്ട്രീയമുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. എന്നാല്‍ വൃത്തികേട് കാണിക്കുന്ന ഏത് രാഷ്ട്രീയക്കാരനായാലും അതിനെ എതിര്‍ക്കുകയും ചെയ്യും. പ്രത്യേക മതവിഭാഗത്തിന് വേണ്ടിയോ രാഷ്ട്രീയ പാര്‍ട്ടിക്കോ ഞാന്‍ ജോലി ചെയ്യുന്നില്ല.

അതേസമയം ചില ഹിന്ദുത്വ സിനിമകള്‍ ചെയ്തിടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ആ സിനിമകളുടെ കഥകളൊന്നും എന്റേതല്ല ദാമോദരന്‍ മാഷെപ്പോലുള്ളവരാണ് കഥകളെഴുതിയത്. എന്നാല്‍ ദാമോദരന്‍ മാഷ് നല്ല കമ്മ്യൂണിസ്റ്റ് ആയിരുന്നു. അദ്ദേഹം പറഞ്ഞത് സിനിമ ചെയ്യുന്നത് ആളുകള്‍ക്ക് ഇഷ്ടപ്പെടാനാണ്. അതിന് ആരേയും ഭയപ്പെടേണ്ട കാര്യമില്ല എന്നുമാണ്. അത്രയെ ഞാനും സിനിമകള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാറുള്ളു. ഒരു മലയാളം വാരികക്ക് കൊടുത്ത അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയത്.

DONT MISS
Top