മക്കയെ ലക്ഷ്യം വെച്ചുള്ള മിസൈല്‍; ഹൂതി സൈന്യം നടത്തിയ ആക്രമണ ശ്രമത്തെ ലോക രാഷ്ട്രങ്ങള്‍ അപലപിച്ചു

makkah

റിയാദ്: ഹൂതിവിമതര്‍ മക്കയെ ലക്ഷ്യമാക്കി മിസൈല്‍ തൊടുത്തുവിട സംഭവത്തെ വിവിധ രാജ്യങ്ങളും രാജ്യാന്തര സംഘടകളും മുസ്‌ലിം പണ്ഡിതരും അപലപിച്ചു. മുസ്‌ലിം വേള്‍ഡ് ലീഗും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.

വിശുദ്ധ മക്കയെ ലക്ഷ്യമാക്കി യമനില്‍ നിന്ന് ഹൂതി സൈന്യം കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ മിസൈല്‍ ആക്രമണ ശ്രമത്തെ അപലപിച്ച രാഷ്ട്രങ്ങളില്‍ യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടും. 150 കോടിയില്‍ പരം മുസ്‌ലിം സമൂഹം അഭിമുഖമായി നിന്ന് പ്രാര്‍ത്ഥിക്കുന്ന മക്കയിലേക്ക് ഹൂതി സൈന്യം നടത്തിയ ആക്രമണ ശ്രമം എല്ലാ മര്യാദകളുടെയും ലംഘനത്തിനുള്ള തെളിവാണെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുള്‍ലത്തീഫ് അല്‍സണയാനി പറഞ്ഞു.

മിസൈല്‍ ആക്രമണം അങ്ങേയറ്റം നീചകൃത്യമാണെന്നാണ് അല്‍ അസ്ഹര്‍ സര്‍വകലാശാല കുറ്റപ്പെടുത്തിയത്. ഹൃദയത്തില്‍ വിശ്വാസമുള്ളവരില്‍ നിന്ന് ഇത്തരം നീച പ്രവൃത്തി ഉണ്ടാവില്ലെന്ന് സര്‍വകലാശാല വക്താവ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. മക്കയെ ലക്ഷ്യം വെച്ചുള്ള ഹൂതി ഭീകരവാദികളുടെ ആക്രമണം ഹൂതികളുടെ നിലപാട് എന്താണെന്നതിനുള്ള തെളിവാണെന്ന് മുസ്‌ലിം വേള്‍ഡ് ലീഗ് എന്ന റാബിത്വ പറഞ്ഞു. മുസ്‌ലിം ലോകത്തോടും ഒരു വിഭാഗത്തോടുമുള്ള എതിര്‍പ്പിന്റെ പേരില്‍ ഇസ്‌ലാമിക ചിഹ്‌നങ്ങള്‍ക്കും നേരെ ആക്രമണമഴിച്ചുവിടുകയാണ്. വിശുദ്ധ കഅ്ബയോട് ഭീകരവാദികള്‍ക്കുള്ള വിദ്വേഷത്തിന്റെയും പകയുടെയും ആഴമാണ് ഇത് കാണിക്കുന്നതെന്നും മുസ്‌ലിം വേള്‍ഡ് ലീഗ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

ലക്ഷ്യങ്ങള്‍ വിജയിക്കാത്തത് മുലമുണ്ടായ പരാജയത്തിന്റെയും നിരാശയുടെയും ഭ്രാന്തമായ ആക്രമണമാണിത്. ദൈവമാണ് ശത്രുക്കളുടെ ആക്രമണത്തെ പരാജയപ്പെടുത്തിയത്. യമന്‍ പഴയത്‌പോലെ സുരക്ഷിതമാവുകയും നല്ലൊരു ഭരണത്തിന്റെ കീഴില്‍ എത്തിച്ചേരുമെന്നും റാബിത്വ പ്രത്യാശ പ്രകടിപ്പിച്ചു.

DONT MISS
Top