മക്കയെ ലക്ഷ്യമിട്ട ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു; തങ്ങളുടെ ലക്ഷ്യം മക്ക അല്ലെന്ന് യമന്‍

mecca

റിയാദ്: പുണ്യഭൂമിയായ മക്കയെ ലക്ഷ്യമിട്ട് വന്ന ബാലിസ്റ്റിക്ക് മിസൈല്‍ അറബ് സഖ്യ സേന തകര്‍ത്തു. യമനിലെ ഷിയാ വിമതര്‍ അയച്ച മിസൈല്‍ തകര്‍ത്തതു മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. മക്കയില്‍ നിന്നും അറുപത്തിയഞ്ച് കിലോമീറ്റര്‍ അകലെവച്ചാണ് മിസൈല്‍ തകര്‍ത്തതെന്ന് സൗദ്യ അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ വിഭാഗം അറിയിച്ചു.

യമനിലെ സആദ പ്രവിശ്യയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രി 9 മണിക്കായിരുന്നു സംഭവം. മക്കയില്‍ നിന്ന് ഏകദേശം 900 കിലോമീറ്ററോളം അകലെയാണു സആദ. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആണ് മക്കയ്ക്കു നേരെ പ്രയോഗിച്ചതെന്ന് സൗദി പ്രതിരോധ വക്താവ് മേജര്‍ ജനറല്‍ അഹമദ് അസീരി പറഞ്ഞു. ഇറാനും ഹിസ്ബുള്ളയും വിമതരെ ഇത്തരം ആയുധങ്ങള്‍ പ്രയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിമതര്‍ക്കെതിരെ തിരിച്ചടിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സൗദിക്കു നേരെ മിസൈല്‍ പ്രയോഗിച്ചതായി ഹൂത്തി വിമതരും സ്ഥിരീകരിച്ചു. ബുര്‍കാന്‍ 1 എന്ന മിസൈല്‍ ആണ് പ്രയോഗിച്ചത്. എന്നാല്‍ മിസൈല്‍ മക്കയ്ക്കു നേരെ ആയിരുന്നില്ലെന്നും തിരക്കേറിയ വിമാനത്താവളമായ ജിദ്ദയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നുമാണ് അവര്‍ പറയുന്നത്.

ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള സാങ്കേതികവിദ്യയില്‍ ഷിയാ വിമതര്‍ക്ക് പരിശീലനം നല്‍കുന്നത് ഇറാനും ഹിസ്ബുള്ള സേനയുമാണെന്ന് സൗദി സേനയുടെ വക്താവ് മേജര്‍ ജനറല്‍ അഹ്മദാ അസീരി അറിയിച്ചു. മാത്രമല്ല, അവര്‍ക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അസീരി അറിയിച്ചു. യമനിലെ ഷിയാ വിമതരായ ഹൂതികള്‍ക്ക് എതിരെ സൗദിയുടെ നേതൃത്വത്തില്‍ അറബ് സഖ്യ സേന ആക്രമണം നടത്തിവരികയാണ്. ഇതിനുള്ള പ്രതികാരമായാണ് സൗദിക്കു നേരെ അവര്‍ മിസൈല്‍ പ്രയോഗിച്ചത്.

DONT MISS
Top