‘തെരുവുനായ പ്രശ്‌നം താങ്കളുടെ വകുപ്പില്‍ പെടുന്നതല്ല’; കേന്ദ്രമന്ത്രി മനേക ഗാന്ധിയ്ക്ക് വി മുരളീധരന്റെ തുറന്ന കത്ത്

v-muralidharan

വി മുരളീധരന്‍

തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം എന്ന കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ പ്രസ്താവനയെ തുടര്‍ന്ന് മന്ത്രിയ്ക്ക് തുറന്ന കത്തുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ രംഗത്ത്. ‘താങ്കളുടെ വകുപ്പിനു കീഴില്‍ വരാത്ത പ്രശ്‌നത്തില്‍ കാപ്പ ചുമത്തണം എന്ന് കേരള ഡിജിപിയോട് പറയാന്‍ താങ്കള്‍ക്ക് അവകാശമില്ല’ എന്നാണ് കത്തിലെ പ്രധാന ഓര്‍മ്മപ്പെടുത്തല്‍.

സമൂഹത്തിനു ഭീഷണിയാകുന്ന കൊടും കുറ്റവാളികള്‍ക്ക് മേല്‍ ചുമത്തുന്ന കാപ്പ നിയമം, സ്വയരക്ഷക്ക് വേണ്ടി തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കു മേല്‍ ചുമത്തണം എന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള, മനേക ഗാന്ധി കൂടി ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനും കേരളത്തിലെ ജനങ്ങളെ ബിജെപിയില്‍ നിന്നും അകറ്റാനും മാത്രമേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ എന്നും വി മുരളീധരന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

‘കേന്ദ്ര സര്‍ക്കാരില്‍ ശിശുക്കളുടേയും വനിതകളുടേയും ക്ഷേമത്തിനായുള്ള മന്ത്രിയാണല്ലോ താങ്കള്‍. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനു കുട്ടികള്‍ക്കാണ് കേരളത്തില്‍ തെരുവുനായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുള്ളത്. തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയോ അക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് തേടാനോ തയാറാകാതെ കുട്ടികളെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്നു പറയുന്നത് ശരിയല്ല.’-കത്ത് തുടരുന്നു.

രണ്ട് വയോവൃദ്ധര്‍ തെരുവുനായകളുടെ ക്രൂരമായ ആക്രമണത്തില്‍ പരുക്കേറ്റ് മരണപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തെരുവുനായ ശല്യം കേരളത്തില്‍ അതീവ ഗുരുതരമായ പ്രതിന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തെരുവ്‌നായ്ക്കളുടെ ആക്രമണോത്സുകത വര്‍ധിക്കുകയും അവ ചെന്നായ്ക്കളെപ്പോലെ കൂട്ടംചേര്‍ന്ന് മനുഷ്യനെതന്നെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണതയാണ് കാണാനാവുന്നത്. ഗുരുതരമായ ഈ സാമൂഹ്യ പ്രശ്‌നത്തെ എങ്ങനെ കൂട്ടമായി നേരിടാം എന്ന് ആലോചിക്കുന്നതിനു പകരം, തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കും അതിനു പ്രേരിപ്പിക്കുന്നവര്‍ക്കുമെതിരേ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കാപ്പ നിയമം ചുമത്തണമെന്നു പറയുന്നതിനോട് ജനങ്ങള്‍ക്ക് എങ്ങനെയാണ് യോജിക്കാനാകുക? – വി മുരളീധരന്‍ ചോദിക്കുന്നു.

കേന്ദ്ര വനംപരിസ്ഥിതിമന്ത്രിയായിരിക്കേ പ്രകാശ് ജാവഡേക്കര്‍, ബിഹാറില്‍ വ്യാപകമായി കൃഷിനാശം വരുത്തുന്ന നീല്‍ഗായി മൃഗങ്ങളെ കൊല്ലുന്നതിന് അനുമതി നല്‍കിയ കാര്യവും മുരളീധരന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇതിനെതിരേ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ അത് വ്യക്തിപരമാണെന്നും കേന്ദ്ര മന്ത്രിസഭയുടെ നിലപാടല്ലെന്നുമുള്ള അസന്നിഗ്ധമായ അഭിപ്രായം മന്ത്രി ജാവേദക്കര്‍ വ്യക്തമാക്കിയത് ഓര്‍ക്കുമല്ലോ എന്നും പോസ്റ്റ് മനേക ഗാന്ധിയോട് ചോദിക്കുന്നു.

‘വ്യക്തിപരമായി ഇത്തരത്തിലുള്ള അഭിപ്രായം പറയാന്‍ താങ്കള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന്റെ അഭിപ്രായമായി മാത്രമേ ജനങ്ങള്‍ പരിഗണിക്കൂ’ എന്ന് പറഞ്ഞ വി മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത് ഇത്തരം തെറ്റായ പ്രസ്താവനകള്‍ എതിരാളികള്‍ ദുരുപയോഗം ചെയ്ത് കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും ഇകഴ്ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് ഇത്തരം പ്രസ്താവനകളില്‍നിന്നും പിന്മാറണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു കൊണ്ടാണ്.

വി മുരളീധരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top