ജമ്മുകശ്മീരില്‍ വിദ്യാലയങ്ങള്‍ക്ക് നേരെ താലിബാന്‍ മോഡല്‍ ആക്രമണം

തീവ്രവാദികള്‍ സ്കൂള്‍ അഗ്നിക്കിരയാക്കുന്നു

തീവ്രവാദികള്‍ സ്കൂള്‍ അഗ്നിക്കിരയാക്കുന്നു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ വിഘടനവാദ പ്രക്ഷോഭങ്ങള്‍ക്കിടെ വിദ്യാലയങ്ങള്‍ക്ക് നേരെയുണ്ടായത് താലിബാന്‍ മോഡല്‍ ആക്രമണം. മേഖലയിലെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കരുത് എന്ന ലക്ഷ്യത്തോടെ തീവ്രവാദഗ്രൂപ്പുകള്‍ ആക്രമണം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ മൂന്നുമാസത്തിനിടെ 17 സര്‍ക്കാര്‍ വിദ്യാലയങ്ങളും മൂന്ന് സ്വകാര്യ സ്‌കൂളുകളുമാണ് തീവ്രവാദികള്‍ ആക്രമിച്ച് നശിപ്പിച്ചത്.

താലിബാന് നിയന്ത്രണമുള്ള അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ മേഖലകളില്‍ വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതില്‍ കടുത്ത നിയന്ത്രണമുണ്ട്. സമാനമായ അവസ്ഥ കശ്മീര്‍ താഴ്‌വരയിലും സൃഷ്ടിക്കാനാണ് തീവ്രവാദഗ്രൂപ്പുകള്‍ സ്‌കൂളുകളെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാത്തതോടെ കശ്മീര്‍ താഴ്‌വരയിലെ 20 ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠനം നടത്താനാകാതെ കഴിയുന്നത്.

വിഘടനവാദി നേതാവായ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെത്തുടര്‍ന്ന് ജൂലൈ എട്ടുമുതലാണ് മേഖലയില്‍ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തെത്തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളായ ഗുരെസ്, ടാങ്ധര്‍, ഉറി, മേഖലകളിലൊന്നും ജൂലൈ എട്ടിനുശേഷം സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിച്ചിട്ടില്ല. അതേസമയം ജമ്മു, ലഡാക് മേഖലകളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചൊവ്വാഴ്ച തീവ്രവാദഗ്രൂപ്പുകള്‍ രണ്ട് സ്‌കൂളുകള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

സ്കൂളുകള്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തില്‍

സ്കൂളുകള്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തില്‍

കശ്മീര്‍ താഴ് വരയിലെ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള നടപടിയില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി നയീം അക്തറിന്, ലഷ്‌കര്‍ ഇ തയ്ബ ഭീഷണി സന്ദേശം അയച്ചിരുന്നു. നല്ലതേത് ചീത്തയേത് എന്ന് തിരിച്ചറിയാനുള്ള വിദ്യാഭ്യാസം കശ്മീരികള്‍ക്ക് ആവശ്യത്തിലേറെ ലഭിച്ചതായും, താഴ് വരയിലെ സ്‌കൂളുകള്‍ തുറക്കാനുള്ള നടപടികളില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ മന്ത്രിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സെപ്തംബര്‍ 27 ന് ലഷ്‌കര്‍ വക്താവ് അബ്ദുള്ള ഗസ്‌നാവി അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

മേഖലയിലെ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ അനുകൂല വിഘടനവാദ ഗ്രൂപ്പ് നേതാവ് സയീദ് അലി ഷാ ഗീലാനിയോട് നയീം അക്തര്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നുമാസത്തിലേറെയായി വിദ്യാലയങ്ങള്‍ തുറക്കാത്ത സാഹചര്യത്തില്‍ ദില്ലിയിലോ, ജമ്മുവിലോ വിദ്യാര്‍ത്ഥികളെ അയച്ച് പഠിപ്പിക്കാനുള്ള തീരുമാനത്തിലാണ് അതിര്‍ത്തി പ്രദേശവാസികള്‍.

DONT MISS
Top