മൊഹാലിയില്‍ കോഹ്ലിയും ധോണിയും പിന്നിട്ടത് നിരവധി റെക്കോര്‍ഡുകള്‍; കൂട്ടത്തില്‍ സച്ചിനും പിന്നിലായി

ധോണി മത്സരത്തിനിടെ

ധോണി മത്സരത്തിനിടെ

മൊഹാലി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത് ക്യാപ്റ്റന്‍ ധോണിയുടേയും കോഹ്ലിയുടേയും ബാറ്റിംഗ് മികവിലായിരുന്നു. മത്സരത്തില്‍ ഇരുതാരങ്ങളും ഒരു പിടി റെക്കോര്‍ഡുകളും സ്വന്തമാക്കി.

മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 22 ല്‍ എത്തിയപ്പോള്‍ ധോണി ഏകദിന ക്രിക്കറ്റില്‍ 9,000 റണ്‍സ് തികച്ചു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം വിക്കറ്റ് കീപ്പറാണ് ധോണി. കുമാര്‍ സംഗക്കാര (14,234), ആദം ഗില്‍ക്രിസ്റ്റ് (9619) എന്നിവരാണ് മുന്‍ഗാമികള്‍.

ഏറ്റവും വേഗത്തില്‍ 9,000 റണ്‍സ് തികയിക്കുന്ന അഞ്ചാമത്തെ താരം. 50 മുകളില്‍ ശരാശരിയോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം. സിക്‌സറിലൂടെയായിരുന്നു ധോണി 9,000 ക്ലബ്ബിലെത്തിയ്. ഗാംഗുലിക്ക് ശേഷം ഇത്തരത്തില്‍ 9,000 റണ്‍സ് തികയ്ക്കുന്ന ഏകതാരമാണ് ധോണി.

ഫീല്‍ഡിംഗിനിടയിലും ധോണി ഒരു റെക്കോര്‍ഡ് സ്വന്തമാക്കി. അത് ലോകറെക്കോര്‍ഡാണ്. ഏകദിനത്തില്‍ 150 താരങ്ങളെ സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന ബഹുമതിയാണ് ധോണി സ്വന്തമാക്കിയത്.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതിയും ധോണി സ്വന്തം പേരിലാക്കി. മറികടന്നത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ. ഇന്നലെ മൂന്ന് സിക്‌സറുകള്‍ പറത്തിയ ധോണി സിക്‌സറുകളുടെ എണ്ണം 196 ആക്കി. സച്ചിന്‍ 195 സിക്‌സറുകളാണ് നേടിയിട്ടുള്ളത്.

ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരമായും ധോണിമാറി. 123 സിക്‌സറുകള്‍ നേടിയിട്ടുള്ള റിക്കി പോണ്ടിംഗിനെയാണ് ഇക്കാര്യത്തില്‍ മറികടന്നത്.

കോഹ്ലി

കോഹ്ലി

സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലെത്തിക്കുന്ന കാര്യത്തില്‍ കോഹ്ലി സച്ചിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി. 17 തവണയാണ് ഇരവരും ഇത്തരത്തില്‍ വിജയിപ്പിച്ചിട്ടുള്ളത്. എന്നാല്‍ സച്ചിന് ഈ നേട്ടത്തിന് 232 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നപ്പോള്‍ കോഹ്ലി എടുത്തത് വെറും 94 ഇന്നിംഗ്‌സുകള്‍ മാത്രം.

മൂന്നാം നമ്പറില്‍ ഏറ്റവും അധികം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി കോഹ്ലി മാറി (26എണ്ണം). 29 സെഞ്ച്വറികളുള്ള പോണ്ടിംഗാണ് ഒന്നാമത്.

നാട്ടില്‍ ഏറ്റവും വേഗത്തില്‍ 3,000 റണ്‍സ് പിന്നിടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോഹ്ലി സ്വന്തം പേരില്‍ കുറിച്ചു. 63 ഇന്നിംഗ്‌സുകളില്‍ ഈ നേട്ടം കുറിച്ച കോഹ്ലി സൗരവ് ഗാംഗുലിയെ (70 ഇന്നിംഗ്‌സുകള്‍) ആണ് മറികടന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top