ഹോക്കിയിലും പാകിസ്താന് തിരിച്ചടി; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം 2നെതിരെ 3 ഗോളുകള്‍ക്ക്

hockey

ഇന്ത്യന്‍ ഹോക്കി ടീം അംഗങ്ങളുടെ ആഹ്ലാദം

ക്വലാലംപൂര്‍, മലേഷ്യ: അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ വെടിവെച്ച പാകിസ്താന് സൈന്യം നല്‍കിയ തിരിച്ചടിക്ക് പുറമെ ഹോക്കിയിലും ടീം ഇന്ത്യ പാകിസ്താനെ തകര്‍ത്തു. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ മത്സരത്തില്‍ 2-നെതിരെ മൂന്ന് ഗോളുകള്‍ക്ക് പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യ കപ്പ് നേടിയത്. പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ് എന്ന സിനിമാ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഇന്ത്യയുടെ പ്രകടനം. ഒരു ഘട്ടത്തില്‍ 1-2 എന്ന നിലയില്‍ പിന്നോട്ട് പോയ ഇന്ത്യ പിന്നീട് ശക്തമായ തിരിച്ചു വരവ് നടത്തുകയായിരുന്നു.

ഇന്ത്യയ്ക്കു വേണ്ടി പ്രദീപ് മോര്‍ (22-ആം മിനുറ്റ്), രൂപീന്ദര്‍ പാല്‍ സിംഗ് (43), രമണ്‍ദീപ് സിംഗ് (44) എന്നിവരാണ് ഗോളുകള്‍ നേടിയത്. ക്യാപ്റ്റന്‍ കൂടിയായ മലയാളിതാരം ശ്രീജേഷിന്റെ പല സേവുകളും നിര്‍ണ്ണായകമായിരുന്നു. പാകിസ്താനുവേണ്ടി മുഹമ്മദ് റിസ്വാന്‍ സീനിയര്‍ (33), മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയര്‍ (39) എന്നിവരാണ് ഗോളുകള്‍ നേടിയത്.

ഗോള്‍രഹിതമായ ആദ്യപാദത്തിനു ശേഷം 1-0 എന്ന നിലയില്‍ ഇന്ത്യ ലീഡ് നേടി. രണ്ടാം പാദത്തില്‍ പ്രദീപ് മോര്‍ നേടിയ ഈ ഗോള്‍ ക്ലോസ് റേഞ്ച് ഗോളായിരുന്നു. എന്നാല്‍ മൂന്നാം പാദത്തില്‍ രണ്ട് ഗോളുകള്‍ നേടി പാകിസ്താന്‍ 2-1 -ന്റെ ലീഡ് നേടി. എന്നാല്‍ വിജയിക്കാനുറപ്പിച്ച് ഇറങ്ങിയ ഇന്ത്യന്‍ ടീം തുടരെത്തുടരെ രണ്ട് ഗോളുകള്‍ കൂടി നേടുകയായിരുന്നു.

43-ആം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി രൂപീന്ദര്‍ പാല്‍ സിംഗ് ഗോളാക്കിമാറ്റിയപ്പോള്‍ ഇന്ത്യ സമനില കൈവരിച്ചു. കാത്തുനില്‍ക്കാന്‍ തയ്യാറല്ലാതിരുന്ന രമണ്‍ദീപ് സിംഗ് തൊട്ടടുത്ത മിനുറ്റില്‍ വീണ്ടും ഇന്ത്യയ്ക്കായി വിജയ ഗോള്‍ നേടി. ഇതിനുശേഷം തിരിച്ചടിക്കാന്‍ പാകിസ്താന്‍ ആവുന്നതും ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധത്തെ മറികടക്കാന്‍ അവര്‍ക്കായില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top