‘ഓല് മണ്ണിട്ടത് ഓലെ തോട്ടിലൊന്ന്വല്ല, നാട്ടാരെ നെഞ്ചത്താ’; തോട് മണ്ണിട്ടു നികത്തുന്നതിനെതിരെ പ്രവാസികളൊരുക്കിയ വീഡിയോ വൈറലാകുന്നു; ‘ആരും കാണാതിരിക്കരുത്’

kulukkallur

കുലുക്കല്ലൂരിലെ തോട്- വീഡിയോയില്‍ നിന്ന്

കുലുക്കല്ലൂര്‍, പാലക്കാട്: ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സങ്കടം പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ പഞ്ചായത്തിലുള്ള തോട് മണ്ണിട്ടു നികത്തുന്നതിനെതിരായി ഒരു കൂട്ടം പ്രവാസികളാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ആ നാട്ടിലുള്ളവരെ നീന്താന്‍ പഠിപ്പിച്ച, എല്ലാവരും ദിവസവും കുളിക്കാനായി എത്തുന്ന തോടില്‍ മണ്ണ് വീഴുമ്പോഴും ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ കണ്ണടച്ചപ്പോഴാണ്, തോടിനെ സംരക്ഷിക്കാന്‍ ലോകത്തിന്റെ മുഴുവന്‍ പിന്തുണ ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോ പുറത്തിറക്കിയത്.

നാടിന്റെ നന്മകളെയും പ്രകൃതിസൗന്ദര്യവുമെല്ലാം പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. മൊബൈല്‍ ഫോണിലെ നിലവാരം കുറഞ്ഞ ക്യാമറയിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെങ്കിലും പച്ച പുതച്ച് കിടക്കുന്ന പാടത്തിന്റെ ഭംഗി ഒട്ടും ചോര്‍ന്നു പോയിട്ടില്ല വീഡിയോയില്‍. നാടിനെ പറ്റി പറയുന്ന ഓരോ കാര്യങ്ങളും അതിശയോക്തി അല്ലെന്ന് ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

പുറത്തുള്ള ഒരാള്‍ വന്നാല്‍ തിരിച്ചു പോകാന്‍ മടിക്കുന്ന നാടിനെ പറ്റി പറഞ്ഞ ശേഷമാണ് ആ നാട്ടുകാരുടെ സങ്കടങ്ങള്‍ വീഡിയോയില്‍ പറയുന്നത്. കുലുക്കല്ലൂരിന്റെ പ്രകൃതിഭംഗി കാത്തു സൂക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന തോട് ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇവരുടെ സങ്കടം.

നാട്ടിലെ ഒന്നുരണ്ട് ‘ഹിമാറു’കളുടെ സഹായത്തോടെ ഒരു പണക്കാരനാണ് തോട് നികത്താന്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. അവരിടുന്ന മണ്ണ് ആ തോട്ടിലല്ല, മറിച്ച് ആ നാട്ടുകാരുടെ നെഞ്ചിലാണ്. അതുകൊണ്ടുതന്നെ ഇതില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടവരെ തന്റെ പണത്തിന്റെ ‘പവറോണ്ട്’ കള്ളക്കേസില്‍ കുടുക്കി അകത്താക്കുകയാണ് ആ പണക്കാരന്‍ ചെയ്തതെന്നും വീഡിയോ പറയുന്നു.

പഞ്ചായത്ത് ഓഫീസിലും വില്ലേജേ ഓഫീസിലും നിരവധി തവണ പറഞ്ഞെങ്കിലും അവരുടെയെല്ലാം കണ്ണ് പണം കണ്ട് മഞ്ഞളിച്ചിരിക്കുകയാണ്. തോടിനെ സ്‌നേഹിക്കുന്നവര്‍ ഒറ്റപ്പെട്ടു. അവരുടെ പരാതി കേള്‍ക്കാന്‍ ആരുമില്ലാതായി. എല്ലാവരുടെയും പ്രശ്‌നമാണ് ഇതെന്ന് തോന്നിയതിനാലാണ് എല്ലാ നാട്ടുകാരെയും ഇതറിയിക്കാന്‍ തോന്നിയത്. ഇത് കാണുന്ന എല്ലാവരും മറ്റുള്ളവരോടും ഇത് പങ്ക് വെയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. ഇങ്ങനെ പങ്ക് വെയ്ക്കപ്പെടുമ്പോള്‍ ഏതെങ്കിലും നല്ല ഉദ്യോഗസ്ഥന്‍ കണ്ടാല്‍ തങ്ങളുടെ തോടിനെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

തോട് തിരിച്ചു കിട്ടിക്കഴിഞ്ഞാല്‍ നല്ല ഐസിടാത്ത മീനും കൂട്ടി ചോറ് തിന്നാന്‍ എല്ലാവരും അടുത്ത മഴക്കാലത്ത് വരണമെന്ന് ക്ഷണിച്ചുകൊണ്ടാണ് ഒരു കൂട്ടം പ്രവാസികള്‍ ഒരുക്കിയ വീഡിയോ അവസാനിക്കുന്നത്. പശ്ചാത്തലസംഗീതവും പ്രാദേശിക സംസാര രീതിയിലുള്ള വിവരണത്തിലെ വൈകാരികതയും ഒരു നാടിന്റെ മൊത്തം സങ്കടത്തെയാണ് പ്രതിനിധീകരിക്കുന്നത്.

വീഡിയോ കാണാം, ഷെയര്‍ ചെയ്യാം:

DONT MISS