നയതന്ത്ര പ്രശ്‌നങ്ങള്‍ക്കിടയിലും ഇന്ത്യ-ചൈന സംയുക്ത സൈനിക പരിശീലനം

china
ദില്ലി: ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്ര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ഇരു രാജ്യങ്ങളുടേയും സൈന്യത്തിന്റെ സംയുക്ത സൈനിക പരിശീലനം. ജമ്മു-കാശ്മീരിലെ ലഡാക്കിലാണ് സൈനിക പരിശീലനം നടന്നത്. പാകിസ്താന് ചൈന നല്‍കുന്ന പിന്തുണ, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിനായി ചൈന പ്രകടിപ്പിക്കുന്ന വിയോജിപ്പ് തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്രപരമായ വിയോജിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്.

ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആളുകളെ രക്ഷപ്പെടുത്തുന്നതിന്റെ പ്രതീകാത്മക പ്രദര്‍ശനവും ഉണ്ടായിരുന്നു. അതിര്‍ത്തി ഗ്രാമത്തില്‍ സാങ്കല്‍പ്പിക ഭൂകമ്പം സൃഷ്ടിച്ച്, ഇരു സേനകളും സംയുക്തമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായിരുന്നു പ്രദര്‍ശനം. ഫെബ്രുവരിയില്‍ സമാനമായ രീതിയില്‍ ചൈനയുടെ ഭാഗത്തുള്ള അതിര്‍ത്തി മേഖലയിലും ഇരു സേനകളും ഒരുമിച്ച് പരിശീലനം നടത്തിയിരുന്നു.

അതിര്‍ത്തി ഗ്രാമങ്ങളില്‍ പ്രകൃതി ദുരന്തങ്ങളോ മറ്റോ ഉണ്ടാകുമ്പോള്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തിന്റെ മുന്നോടിയായുള്ള പരിശീലനമാണിത്. അതിര്‍ത്തിയില്‍ സമാധാനവും പരസ്പര ധാരണയും വളര്‍ത്തുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യ-ചൈന സേനകളുടെ സംയുക്ത പരിശീലനമായ ഹാന്റ് ഇന്‍ ഹാന്റ് പരിശീലന പരമ്പരയുടെ മുന്നോടിയായാണ് ഇപ്പോള്‍ കഴിഞ്ഞ പരിശീലനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top