കുഞ്ഞു വാസിലീനയ്ക്ക് കൈകളില്ല; പക്ഷേ അവള്‍ ഭക്ഷണം കഴിക്കുന്നത് തനിയെ; സോഷ്യല്‍ മീഡിയയില്‍ വീഡിയോ സൂപ്പര്‍ഹിറ്റ്

little-vasilina

വാസിലീന കാല് കൊണ്ട് ആഹാരം കവിക്കുന്ന ദൃശ്യങ്ങള്‍

മോസ്‌കോ: കൊച്ചുകുട്ടികള്‍ സ്വയം ആഹാരം കഴിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്നതെന്താണെന്ന് നമുക്കറിയാം. കഴിക്കാനുള്ളത് മുഴുവന്‍, അവരുടെ മുഖത്തോ നിലത്തോ ആയി ആകെ കുളമാകും. എന്നാല്‍ വാസിലീന എന്ന ഈ കൊച്ചു മിടുക്കി മറ്റാരുടേയും സഹായമില്ലാതെയാണ് ഒരു തരി പോലും കളയാതെ ഭക്ഷണം കഴിക്കുന്നത്; അതും കാലുകള്‍ ഉപയോഗിച്ച്.

വാസിലീനയ്ക്ക് ജന്മനാ തന്നെ രണ്ട് കൈകളും ഇല്ല. എന്നാല്‍ മറ്റാരെയും ആശ്രയിക്കാതെ കാര്യങ്ങള്‍ മകള്‍ സ്വയം ചെയ്യണമെന്ന നിശ്ചയദാര്‍ഡ്യം മാതാപിതാക്കള്‍ക്കുണ്ടായിരുന്നു. ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത കാര്യമായ ഭക്ഷണം കഴിക്കല്‍ തന്നെയാണ് അവളെ ആദ്യം പരിശീലിച്ചത്. ഇപ്പോള്‍ അവള്‍ ആരുടെയും സഹായം ഇല്ലാതെയാണ് ഭക്ഷണം കഴിക്കുന്നത്, അതും കാലുകളും ഫോര്‍ക്കും ഉപയാഗിച്ച്.

തീര്‍ന്നില്ല, സ്വയം ഭക്ഷണം കഴിക്കാന്‍ വാസിലീന പഠിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ കഴിക്കുന്നതിന്റെ ചെറിയൊരു വീഡിയോ ഫെയ്‌സ്ബുക്കില്‍ അവളുടെ അമ്മ പങ്കുവെച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ഈ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ മാത്രം കണ്ടത് ഏഴ് ലക്ഷം പേരാണ്.

ഫോര്‍ക്കില്‍ ഭക്ഷണമെടുത്ത ശേഷം വലതുകാല്‍ കൊണ്ട് ഫോര്‍ക്ക് എടുത്ത് വായിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന കുഞ്ഞു വാസിലീന ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടെങ്കിലും വീണ്ടും ഇടതുകാല്‍ കൂടി ഉപയോഗിച്ച് ഫോര്‍ക്ക് ശരിയായി വലത് കാലില്‍ പിടിച്ച് ശ്രമിച്ചപ്പോള്‍ വിജയിച്ചത് അവളുടെ നിശ്ചയദാര്‍ഢ്യം. 16 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം.

വാസിലീനയെ പോലുള്ളവരെ അപേക്ഷിച്ച് എത്രയോ ഭാഗ്യം ചെയ്തവരാണ് നമ്മളെന്ന് ആലോചിക്കണമെന്നും അംഗവൈകല്യമുള്ള മറ്റ് കുട്ടികള്‍ക്ക് പ്രചോദനമാണ് വാസിലീനയെന്നുമാണ് ഭൂരിഭാഗം കമന്റുകളുടെയും ഉള്ളടക്കം. ‘വാസിലീനയുടെ ആരാധകര്‍ക്കായി’ എന്ന അടിക്കുറിപ്പോടെയാണ് അവളുടെ അമ്മ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഏതായാലും നവ മാധ്യമങ്ങളിലെ താരമാണ് ഇപ്പോള്‍ കുഞ്ഞു വാസിലീന.

DONT MISS